സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ തനിക്ക് പലതിലും കുറ്റബോധമുണ്ടന്ന് നടന്‍ സിദ്ദിഖ്. തന്റെ തുടക്ക കാലങ്ങളില്‍ സിനിമയെ അത്ര കാര്യമായി കണ്ടിരുന്നില്ലെന്നും സിനിമക്ക് പിറകെ സിനിമകള്‍ ചെയ്തപ്പോള്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അഭിനയിക്കാന്‍ എളുപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂവിമാന്‍ ബ്രോഡിക്സ്റ്റിംഗിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഭരതന്‍, പത്മരാജന്‍, എം.ടി തുടങ്ങി പ്രമുഖരായ പല സംവിധായകരോടും എനിക്ക് നല്ലൊരു കഥാപാത്രം വേണമെന്ന് പറയാനുള്ള അവസ്ഥ തനിക്ക് അന്നുണ്ടായിരുന്നെന്നും എന്നാല്‍ അതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം അതൊന്നും ചിന്തിക്കാതെ ഓടിനടന്ന് സിനിമകള്‍ ചെയ്യാന്‍ മാത്രമേ അന്ന് സമയമുണ്ടായിരുന്നുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ അഭിനയം എന്ന കലയെ അന്ന് അത്ര കാര്യമായി കണ്ടിരുന്നില്ല. അന്നൊക്കെ ഒരു സിനിമക്ക് പിറകെ ഒരുപാട് സിനിമകള്‍ വരുന്നുണ്ടായിരുന്നു. എല്ലാ സിനിമകളിലും ഏതാണ്ട് ഒരുപോലുള്ള കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അഭിനയിക്കാന്‍ ഏറെക്കുറേ എളുപ്പമായിരുന്നു. അതിന് പ്രത്യേകിച്ച് മുന്നൊരുക്കത്തിന്റെ ആവശ്യമൊന്നുമില്ല. സെറ്റില്‍ ചെല്ലുന്നു സീന്‍ നോക്കുന്നു, പഠിക്കുന്നു, അഭിനയിക്കുന്നു. ആ കഥാപാത്രങ്ങല്‍ക്ക് അത്രമാത്രം മതിയായിരുന്നു.
അഭിനേതാവിന് അല്ലെങ്കില്‍ അഭിനയത്തിന് ഒരു തീവ്രതയുണ്ട്. എനിക്കൊരു ഒരു നല്ല നടനാകണം, നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കണം. അന്നൊന്നും അങ്ങനെ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അന്ന് അതൊക്കെ ചെയ്യാമായിരുന്നുവെന്ന് തോന്നാറുണ്ട്. എന്റെ റോള്‍ ഇങ്ങനയൊന്ന് മാറ്റി തരാന്‍ പറയാന്‍ കഴിയുന്നത്ര പരിചയമുള്ള സുഹൃത്തുക്കളായ തിരക്കഥാകൃത്തക്കളും സംവിധായകരുമൊക്കയുണ്ടായിരുന്നു. അവരോടൊക്കെ പറഞ്ഞിരുന്നെങ്കില്‍ എന്റെ കഥാപാത്രങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ട് വരാന്‍ കഴിയുമായിരുന്നു.
ഡയറക്ടര്‍ ഭരതനെ പോയി കണ്ട് എനിക്കൊരു നല്ല കഥാപാത്രം തരണമെന്ന് പറയാന്‍ എനിക്ക് തോന്നിയിട്ടില്ല. കാരണം ആ സമയത്ത് ഞാന്‍ വേറെ സിനിമകളുമായി ഓടി നടക്കുകയായിരുന്നു. ഭരതേട്ടനെ ഇടക്ക് ട്രെയിനില്‍ യാത്രചെയ്യുമ്പോളൊക്കെ കാണുമായിരുന്നു. ഞാന്‍ അദ്ദേഹത്തിനോട് ഇതിനെ കുറിച്ചൊന്നും ചോദിച്ചിട്ടില്ല.
പത്മരാജന്‍ സാറിനോടും എനിക്കൊരു നല്ല വേഷം തരണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അന്നതൊക്കെ ചെയ്യേണ്ടതായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അന്നത് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു.അല്ലാതെ തന്നെ സിനിമകളിങ്ങനെ ഓടി നടന്ന് ചെയ്യുകയല്ലേ. അന്നൊക്കെ മുഴുവന്‍ സിനിമയും പതിനഞ്ച് ഇരുപത് ദിവസത്തിനുള്ളില്‍ തീരുമായിരുന്നു. അത് തീര്‍ത്ത് അടുത്ത സിനിമക്ക് പോകണമെന്നല്ലാതെ എന്നിലെ നടനെ നന്നാക്കിയെടുക്കണമെന്നോ വലിയൊരു നടനാകണമെന്നോ തോന്നിയിട്ടില്ല.
അതുപോലെ എം.ടി. വാസുദേവനെ പോയി കാണാന്‍ എനിക്ക് കഴിയുമായിരുന്നു. ഞാന്‍ നേരെ ചെന്ന് കഴിഞ്ഞാല്‍ എം.ടി.സാറെന്നെ അറിയില്ലെന്നൊന്നും പറയില്ല. നേരെ ചെന്ന് സാറിനോട് സാറിന്റെ അടുത്ത സിനിമയില്‍ എനിക്കൊരു നല്ല വേഷം തരണമെന്ന് പറഞ്ഞാല്‍ എനിക്കൊരു മോശവുമില്ല. പക്ഷെ അന്നതൊന്നും ചെയ്യാന്‍ തോന്നിയിട്ടില്ല. പക്ഷെ ഇന്നാണ് ഇത്തരം തെറ്റുകള്‍ എന്റെ ഭാഗത്ത് നിന്നുണ്ടായല്ലോ. കുറച്ചൂടെ നന്നായി ശ്രമിക്കാമായിരുന്നു എന്നൊക്കെ തോന്നുന്നത്,’ സിദ്ദിഖ് പറഞ്ഞു.
കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി മലയാള സിനിമാ അഭിനയലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് സിദ്ദിഖ്. 1985-ലെ ആ നേരം അല്‍പ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെക്കുള്ള അരങ്ങേറ്റം. ബാഷ് മുഹമ്മദിന്റെ സംവിധാനത്തില്‍ സിദ്ദിഖ്-സുരാജ് കൂട്ടുകെട്ടില്‍ ഈ മാസം ആറിന് തീയേറ്ററുകളില്‍ എത്തുന്ന എന്നാലും എന്റെ അളിയാ ആണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രം.
അതേസമയം ബാഷ് മുഹമ്മദിന്റെ സംവിധാനത്തില്‍ സിദ്ദിഖ്-സുരാജ് കൂട്ടുകെട്ടില്‍ ഈ മാസം ആറിന് തീയേറ്ററുകളിലെത്തുന്ന എന്നാലും എന്റെളിയാ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
content highlight: sidhique talks about his film career