അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതന്റെയും നടി കെ.പി.എ.സി. ലളിതയുടെയും മകനായ സിദ്ധാർത്ഥ് ഭരതൻ, കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് രസികൻ, സ്പിരിറ്റ്, വേല, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അദ്ദേഹം നിദ്ര എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കും എത്തുന്നുന്നത്.
ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രം പ്രഥമദൃഷ്ട്യാ കുറ്റക്കാരിൽ മാത്യു തോമസ്, വിജയരാഘവൻ, പാർവതി തിരുവോത്ത്, ഉണ്ണിമായ പ്രസാദ് എന്നിവർക്കൊപ്പം സിദ്ധാർത്ഥ് അവതരിപ്പിച്ച ദാസൻ എന്ന പോലീസ് കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെക്കുറിച്ച് സിദ്ധാർഥ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സിദ്ധാർത്ഥ് ഭരതൻ. Photo. Screen Grab/ Youtube
ഭ്രമയുഗത്തിൽ നടൻ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായിട്ടാണ് താൻ കാണുന്നതെന്ന് സിദ്ധാർഥ് ഭരതൻ പറയുന്നു. ഓരോ സീനിലെയും മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയിൽ അടക്കം ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞെന്നും സിദ്ധാർത്ഥ് പറഞ്ഞു.
‘ഭ്രമയുഗത്തിൽ മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ മുഖത്തു നോക്കി ഡയലോഗുകൾ പറയുമ്പോൾ കുറേ കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റിയിട്ടുണ്ട്. ഡയലോഗ് ഷീറ്റിൽ എഴുതിക്കൊടുത്ത ഡയലോഗുകൾ ഒക്കെ പുള്ളി അദ്ദേഹത്തിന്റെതായ രീതിയിൽ വളരെ വ്യത്യസ്തമായിട്ടാണ് പ്രസന്റ് ചെയ്യുക.
അദ്ദേഹം അത് പറയുന്നത് കേൾക്കുമ്പോഴാണ് ഇത് ഇങ്ങനെയും ആവാം അല്ലേ എന്ന് നമുക്കും തോന്നുക. ഇത്തരത്തിൽ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആളുകളുടെ കൂടെ വർക്ക് ചെയ്യുന്ന ഓരോ ദിവസവും നമുക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റും,’ നടൻ പറഞ്ഞു.
ഡയലോഗുകൾ ഡബ്ബ് ചെയ്യുന്നതിൽ നടൻ മമ്മൂട്ടിയും തന്റെ അച്ഛൻ ഭരതനും എല്ലാം അഗ്രഗണ്യന്മാരായിരുന്നു എന്നും സിദ്ധാർത്ഥ് പറഞ്ഞു. അച്ഛന്റെ അടുത്ത് നിന്നും കുഞ്ഞുനാൾ മുതൽ തനിക്ക് സിനിമയെക്കുറിച്ച് അറിയാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നു എന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.
ഭരതൻ. മമ്മൂട്ടി. Photo. Facebook/ IMDb
‘ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഞാൻ എപ്പോഴും വിചാരിച്ചിരുന്നത് അഭിനേതാക്കളുടെ ലൈവ് സൗണ്ടാണ് പ്രധാനം എന്നാണ്. കാരണം ലൈവ് ആയിട്ട് പറയുന്ന കാര്യം പിന്നീട് റീക്രിയേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഡബ്ബിങ്ങിലും അഗ്രഗണ്യന്മാരുണ്ട് എന്ന് പിന്നീടാണ് എനിക്ക് മനസിലായത്.
അതിലൊരാളാണ് മമ്മൂക്ക, മറ്റൊരാളായിരുന്നു എന്റെ അപ്പ. ചെറുപ്പം തൊട്ടേ അച്ഛന്റെ അടുത്ത് നിന്നും സിനിമയിലെ കുറെ കാര്യങ്ങൾക്ക് എക്സ്പോസ്ഡ് ആയിട്ടുണ്ടായിരുന്നു. അതും എന്റെ ഒരു ബ്ലസിങ് ആയിരുന്നു. അപ്പോൾ സിനിമയെക്കുറിച്ച് എനിക്ക് അത്യാവശ്യം ഒരു ഐഡിയ ഉണ്ടായിരുന്നു. പിന്നീട് കുറച്ചുകൂടെ കാര്യങ്ങളൊക്കെ കിട്ടിയാൽ മതിയായിരുന്നു കുറച്ചുകൂടി ഡെവലപ്പ് ആവാൻ,’ സിദ്ധാർത്ഥ് പറഞ്ഞു.