പ്രശസ്ത സംവിധായകൻ ഭരതന്റെയും അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെയും മകനായ സിദ്ധാർത്ഥ് ഭരതൻ, കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് രസികൻ, സ്പിരിറ്റ്, വേലി, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അദ്ദേഹം ‘നിദ്ര’ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കും എത്തുന്നുന്നത്.
ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രം പ്രഥമദൃഷ്ട്യാ കുറ്റക്കാരിൽ മാത്യു തോമസ്, വിജയരാഘവൻ, പാർവതി തിരുവോത്ത്, ഉണ്ണിമായ പ്രസാദ് എന്നിവർക്കൊപ്പം സിദ്ധാർത്ഥ് അവതരിപ്പിച്ച ദാസൻ എന്ന പോലീസ് കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം.
സിദ്ധാർത്ഥ് ഭരതൻ. Photo. Screen Grab/ Youtube
പ്രഥമദൃഷ്ട്യാ കുറ്റക്കാരിൽ പുതിയ തലമുറയിൽപ്പെട്ട മാത്യു തോമസ് മുതൽ സിനിമയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള വിജയരാഘവൻ വരെയുള്ളവരുമായി അഭിനയിക്കാൻ സാധിച്ചിട്ടുണ്ടെന്ന് പറയുകയാണ് സിദ്ധാർത്ഥ് ഭരതൻ. വിജയരാഘവൻ അഭിനയത്തിന്റെ പവർഹൗസ് ആണെന്നും, ചെയ്യുന്ന കഥാപാത്രങ്ങളിലെയെല്ലാം വ്യത്യസ്തത കൊണ്ട് വരാൻ അദ്ദേഹം ശ്രമിക്കാറുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
പ്രഥമദൃഷ്ട്യാ കുറ്റക്കാരിന്റെ സെറ്റിൽ പുതിയ തലമുറയിലെ മാത്യു തോമസ് മുതൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിജയരാഘവൻ സാർ വരെയുള്ള അഭിനേതാക്കളുടെ കൂടെ അഭിനയിക്കാൻ സാധിച്ചു. അതിൽ വിജയരാഘവൻ സാറൊക്കെ അഭിനയത്തിന്റെ പവർഹൗസ് ആണ്. നമുക്ക് അഭിനയത്തെക്കുറിച്ച് ഉപദേശങ്ങൾ നൽകാൻ തക്ക അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.
ഓരോ സിനിമയിലും ചെയ്യുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ലുക്ക് പോലും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. റാംജിറാവു സ്പീക്കിങ്ങിലെ വില്ലൻ വേഷം, കിഷ്‌കിന്ധാ കാണ്ഡം, ഇപ്പോൾ ഈ സിനിമയിലുമൊക്കെ വേറെയൊരു ലുക്കിലാണ് അദ്ദേഹം എത്തുന്നത്. അത്തരത്തിൽ സ്വന്തമായി ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രീതി ഒരു പ്രത്യേക ക്ലാസ് തന്നെയാണ്,’ സിദ്ധാർത്ഥ് പറഞ്ഞു.
വേല എന്ന ചിത്രത്തിൽ മുമ്പ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രഥമദൃഷ്ട്യാ കുറ്റക്കാരിൽ താൻ അവതരിപ്പിച്ച ദാസൻ എന്ന കഥാപാത്രം അതിൽനിന്നും വ്യത്യസ്തമാണെന്ന് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.
പ്രഥമദൃഷ്ട്യാ കുറ്റക്കാർ. Photo. District
‘സിനിമകളിൽ പോലീസ് വേഷങ്ങൾ ചെയ്യുമ്പോഴും അതിൽ വ്യത്യസ്തത കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കാറുള്ളത്. കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിലുള്ള മാറ്റങ്ങൾ അതിന് സഹായിക്കും. ‘വേല’ എന്ന സിനിമയിൽ ഞാൻ ചെയ്ത പോലീസ് കഥാപാത്രമല്ല പ്രഥമദൃഷ്ട്യാ കുറ്റക്കാരി ലെ ദാസ് എന്ന വേഷം.
ഒറ്റത്തടിയായി നിൽക്കുന്ന, അയാളുടേതായ കുറെ വിഷയങ്ങൾ ഉള്ള ഒരു കഥാപാത്രമാണത്. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിൽ ഒരു പുതുമ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. സിനിമയിലെ ചില സീക്വൻസുകൾക്ക് വേണ്ടി ഞങ്ങൾ നാലുപേരും ഇരുന്ന് ഒരുമിച്ച് പ്രിപ്പെയർ ചെയ്തിട്ടുമുണ്ട്. അത് ഇനി പ്രേക്ഷകർ കണ്ട് വിലയിരുത്തേണ്ടതാണ്,’ നടൻ കൂട്ടിച്ചേർത്തു.