| Thursday, 6th August 2026, 8:10 am

ഞാന്‍ ഇവനോട് ദേഷ്യപ്പെട്ടത് ഈ പൊട്ടനൊഴിച്ച് ബാക്കി എല്ലാവര്‍ക്കും മനസിലായെന്നായിരുന്നു മമ്മൂക്ക അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞത്: സിദ്ദിഖ്

അമര്‍നാഥ് എം.

ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് മലയാളത്തിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച നടനാണ് സിദ്ദിഖ്. ഏത് തരം വേഷവും അനായാസമായി പകര്‍ന്നാടാന്‍ പ്രത്യേക കഴിവ് സിദ്ദിഖനെ വേറിട്ട് നിര്‍ത്തുന്നു. വില്ലന്‍, സഹനടന്‍, നായകന്‍, ഹാസ്യതാരം തുടങ്ങി ഏത് വേഷമായാലും തന്നില്‍ ഭദ്രമാണെന്ന് സിദ്ദിഖ് പലകുറി തെളിയിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നില്‍ക്കുന്ന സിദ്ദിഖ് തന്റെ പഴയകാല ഓര്‍മകള്‍ പങ്കുവെക്കുകയാണ്. മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. പെട്ടെന്ന് ദേഷ്യം വരുന്നയാളാണ് മമ്മൂട്ടിയെന്നും തന്നോടും ഇടയ്ക്ക് ദേഷ്യപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

സിദ്ദിഖ് Photo: Screen grab/ Originals

തമിഴ്‌നാട്ടില്‍ ഒരു സിനിമയുടെ ഷൂട്ടിനിടെ ഇത്തരത്തില്‍ ഒരു സംഭവമുണ്ടായെന്നും അദ്ദേഹം പറയുന്നു. സെറ്റില്‍ താന്‍ ഇടയ്ക്ക് ചില തമാശകള്‍ പറയുമായിരുന്നെന്നും അങ്ങനെ പറഞ്ഞ ഒരു തമാശ മമ്മൂട്ടിക്ക് ഇഷ്ടമായില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ സാധാരണ പറയുന്നതുപോലെ പറഞ്ഞതാണ്. പക്ഷേ, അത് മമ്മൂക്കക്ക് ഇഷ്ടമായില്ല. അത് എനിക്ക് മനസിലായില്ല. അന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് വേറൊരു സംഭവമുണ്ടായി. മമ്മൂക്ക കഴിക്കുന്ന ചോറ് ഒരു പ്രത്യേക അരി കൊണ്ട് ഉണ്ടാക്കുന്നതാണ്. ഞാന്‍ അത് നോക്കിയിട്ട് കുറച്ച് എടുത്തു കഴിച്ചു. മമ്മൂക്ക ആ ചോറില്‍ നിന്ന് കുറെ എനിക്ക് തന്നു. ഞാന്‍ അത് മീന്‍കറിയും കൂട്ടി കഴിക്കുകയും ചെയ്തു.

വൈകിട്ട് ഷൂട്ടൊക്കെ കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയി. താമസിക്കാനായി വില്ലയായിരുന്നു പ്രൊഡ്യൂസര്‍ ഏര്‍പ്പാട് ചെയ്തത്. അവിടെ മമ്മൂക്കയുടെ വൈഫും ഉണ്ടായിരുന്നു. പുള്ളി ഇങ്ങനെ സംസാരിക്കുന്നതിനിടക്ക് വൈഫിനോട് ‘ഇന്ന് ഞാന്‍ ഇവനോട് ദേഷ്യപ്പെട്ടു. അത് ഈ പൊട്ടനൊഴിച്ച് ബാക്കി എല്ലാവര്‍ക്കും മനസിലായി’ എന്ന് പറഞ്ഞു. ഞാനാണെങ്കില്‍ ഒന്നും മനസിലാകാത്തത് പോലെ ഇരിക്കുകയായിരുന്നു. മമ്മൂക്ക ദേഷ്യം കാണിച്ചത് ഇങ്ങനെയാണെന്ന് എനിക്ക് മനസിലായില്ല,’ സിദ്ദിഖ് പറയുന്നു.

സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രമായ മധുരമീ ജീവിതം റിലീസിന് തയാറെടുക്കുകയാണ്. സിദ്ദിഖിന് പുറമെ വിനയ പ്രസാദ്, ഗായത്രി സുരേഷ്, ജോണി ആന്റണി, മെറീന മൈക്കിള്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവാഗതനായ മാത്യു സ്‌കറിയയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓഗസ്റ്റ് 14ന് മധുരമീ ജീവിതം തിയേറ്ററുകളിലെത്തും.

Content Highlight: Siddique shares a funny incident happened with Mammootty

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more