| Thursday, 12th November 2026, 7:49 pm

'മരിച്ചു കിടക്കുമ്പോൾ മറ്റുള്ളവർ വന്ന് കുറ്റപ്പെടുത്തുമല്ലോ എന്ന് ഓർത്തിട്ട് എനിക്കിപ്പോൾ മരിക്കാൻ ഭയം തോന്നുന്നു': സിദ്ധിഖ്

അനുപമ കെ. സീത

നടൻ സിദ്ധിഖിന്റെ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മരണഭയത്തെക്കുറിച്ചും ഒരു സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആ മരണവീട്ടിൽ താൻ കണ്ട അനുഭവങ്ങളും വന്ന അതിഥികളുടെ മനോഭാവത്തെകുറിച്ചുമുള്ള കുറിപ്പാണ് സിദ്ധിഖ് പങ്കു വെച്ചത്.

‘മരണഭയം’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. മരണവീട്ടിലേക്ക് എല്ലാവരും ഓടിയെത്തുന്നത് നഷ്ടപ്പെട്ടവരെ ഓർത്തുള്ള ദുഖത്തോടെ മാത്രമല്ലെന്നും മറിച്ച് മരിച്ചത് താനല്ലല്ലോ എന്ന ആശ്വാസത്തോടെയും കൂടിയാണെന്ന് പറയുകയാണ് സിദ്ധിഖ്. പലരും ലോകത്തോട് വിട പറഞ്ഞ് പോകുമ്പോൾ നമ്മൾ മരിച്ചില്ലല്ലോ ഇവിടെ തന്നെയുണ്ടല്ലോയെന്നും ആലോചിച്ച് ചിലർ സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആ വിഷമത്തിന്റെ അളവും ആരാണോ മരിച്ചത് അവരുമായുള്ള ബന്ധത്തെ ആശ്രയിച്ച് കൂടിയും കുറഞ്ഞുമിരിക്കുമെന്നും അതിനെ ചൊല്ലി ആരെയും കുറ്റം പറയാൻ സാധിക്കില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

‘മരണ വീട്ടിലേക്ക് നമ്മൾ ഓടിയെത്തുന്നത്, നഷ്ടപ്പെട്ട ബന്ധുവിനെയോ സുഹൃത്തിനെയോ ഓർത്തുള്ള ദുഃഖത്തോടെ മാത്രമല്ല, മറിച്ച്, മരിച്ചത് താൻ അല്ലല്ലോ എന്ന, ചെറിയ ഒരു ആശ്വാസത്തോടും കൂടിയാണ്. ഓരോരുത്തരും ഈ ലോകത്തോട് യാത്ര പറഞ്ഞു പോകുമ്പോഴും, നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ എന്ന സന്തോഷം അനുഭവിക്കുന്നുണ്ട് നമ്മളിൽ പലരും. ആ സന്തോഷത്തിന്റെ അളവ് , മരിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. അതിൽ ആരെയും തെറ്റു പറയാനോ കുറ്റപ്പെടുത്താനോ ആവില്ല,’ അദ്ദേഹം കുറിച്ചു.

സിദ്ധിഖ്.Photo. Screen Grab/ Youtube.com

അതേസമയം ചിലരാവട്ടെ മരിച്ച വ്യക്തിയുടെ വീട്ടിൽ ചെന്ന് അവരെ കുറ്റം പറയാറുണ്ടെന്നും അങ്ങനെ കേൾക്കുമ്പോൾ തനിക്ക് ദേഷ്യവും വിഷമവും തോന്നുന്നതിന് പകരം ഞെട്ടലാണ് തോന്നാറുള്ളതെന്നും നടൻ വ്യക്തമാക്കി. നാളെ താനും മരിക്കുമ്പോൾ ഇതുപോലെ അത്തരം ആളുകൾ തന്നെക്കുറിച്ചും ഇങ്ങനെ പറയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എല്ലാവര്ക്കും അറിയാവുന്ന തന്റെയൊരു സുഹൃത്ത് അങ്ങനെ മരിച്ചുവെന്നും അവിടെ പോയപ്പോൾ പ്രഗൽഭരായ പലരും സംസാരിക്കുന്നത് കേട്ട് താൻ ഞെട്ടി പോയെന്നും അദ്ദേഹം പറയുന്നുണ്ട്.

‘എന്താണ് സംഭവിച്ചത് എന്ന ചോദ്യങ്ങളും, ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ചുള്ള ഉത്തരങ്ങളും കേട്ടു. ഷുഗർ ഉണ്ടായിരുന്നോ? പിന്നെ..400 മുകളിലായിരുന്നു. 510 ആണെന്നാ ഞാൻ കേട്ടത്.!!തടി വല്ലാതെ കൂടുതലായിരുന്നു…വ്യായാമൊന്നും ഇല്ലല്ലോ??? മാത്രമല്ല ചോറ് ഒരുപാട് കഴിക്കും. അയ്യയ്യോ..ഞാനൊക്കെ രണ്ടുനേരവും ചപ്പാത്തിയാ..കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ ഞാൻ പറഞ്ഞതാ ചെക്കപ്പ് ചെയ്യണേ… എന്ന്, കേട്ടില്ല.. പുള്ളി മദ്യപിക്കുമായിരുന്നോ??? ഏയ്‌..അതില്ല. അതുകൊണ്ട് കാര്യമില്ല. ഞാൻ ദിവസവും രണ്ടെണ്ണം അടിക്കും. പക്ഷേ രാവിലെ ഒരു പത്ത് കിലോമീറ്റർ നടക്കും. അതുകൊണ്ടല്ലേ ഇപ്പോഴും ഇങ്ങനെ കുട്ടപ്പൻ ആയിട്ട് ഇരിക്കുന്നത്.!!! പ്രായം എത്രയായിന്നാ വിചാരം???? 50 കഴിഞ്ഞോ??? ഹഹഹ…62!!!! ദൈവമേ!!!ദൈവം പോലും പറയില്ലല്ലോ!,’ അദ്ദേഹം കുറിച്ചു.

സിദ്ധിഖ്.Photo. Screen Grab/ Youtube.com

ഇതെല്ലാം കേൾക്കാൻ വയ്യാതെ താൻ മറ്റൊരിടത്തേക്ക് മാറി നില്ക്കാൻ തുടങ്ങിയപ്പോൾ തന്നോടും ഇത് പോലെ ചോദിച്ചെന്നും ചോദിച്ച ആൾക്ക് സന്തോഷമായിക്കോട്ടെയെന്ന് കരുതി താൻ ചെക്കപ്പ് ചെയ്യാറില്ലെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുപോലെ താൻ മരിക്കുമ്പോഴും വരൻ സമയമുണ്ടാവുമോ ഫ്രീ ആയിരിക്കുമോയെന്ന് ചോദിച്ചപ്പോൾ ചോദ്യം ഇഷ്ടപ്പെടാതെ ആ വ്യക്തി തിരിച്ച് പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിച്ചിരിക്കുമ്പോൾ ഒരാളെപ്പറ്റി നല്ലത് പറയാത്ത നമ്മൾ മരിച്ചതിന് ശേഷം അയാളെ പുകഴ്ത്തുന്നത് മറ്റുള്ളവർക്ക് കേൾക്കാനാണെന്നും, ഒരാളെപ്പറ്റി നല്ലത് പറഞ്ഞു എന്ന ഖ്യാതി കിട്ടാനാണെന്നും സിദ്ദിഖ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം മരിച്ചു കിടക്കുന്ന ഒരാളെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കുമെന്നും, മരണം അവരെ പിടികൂടാത്തത് അവരുടെ മിടുക്കുകൊണ്ടാണെന്ന് അവർ വിചരിക്കുന്നുണ്ടാവുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

താനും മരിച്ച് കിടക്കുമ്പോൾ ഇതുപോലെ വന്ന ആളുകൾ ഇങ്ങനെ പറയുമല്ലോയെന്നോർത്ത് തനിക്ക് മരിക്കാൻ ഭയം തോന്നുന്നുണ്ടെന്നും, മരണം ആരുടെയും കുറ്റമല്ലെന്നും അതാരും തന്നെ അറിഞ്ഞുകൊണ്ട് വിളിച്ചുവരുത്തുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ജീവിക്കാൻ ധൈര്യമില്ലാത്തവരാണ് ആത്മഹത്യ ചെയ്യുന്നതെന്നും, അതിനും ധൈര്യമില്ലാത്തവരാണ് ഇപ്പോഴും ഇവിടെ ജീവിക്കുന്നതെന്നുമുള്ള വരികളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: Siddique said that the fear of death was not just about losing one’s life but also the dread of being judged by those left behind.

 

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more