| Saturday, 25th July 2026, 6:03 pm

കുക്കു എഫ്.എമ്മില്‍ സിദ്ദിഖ് പറയുന്ന സിനിമാക്കഥ അഥവാ പള്ളിച്ചട്ടമ്പി, ഒ.ടി.ടിയിലെത്തിയ സിനിമയെ വലിച്ചുകീറി ട്രോളന്മാര്‍

അമര്‍നാഥ് എം.

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു പള്ളിച്ചട്ടമ്പി. ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്തതോടെ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ ചിത്രം പരാജയമായി.

കഴിഞ്ഞദിവസം പള്ളിച്ചട്ടമ്പി ഒ.ടി.ടിയിലെത്തിയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാല്‍ ഒ.ടി.ടിയിലെത്തിയതിന് ശേഷം പള്ളിച്ചട്ടമ്പിയെ ട്രോളന്മാര്‍ എയറില്‍ നിന്ന് താഴെയറിക്കിയിട്ടില്ല. പഴകിത്തേഞ്ഞ കഥയും ഇമോഷണല്‍ കണക്ഷന്‍ തോന്നാത്ത സ്‌ക്രിപ്റ്റുമാണ് ചിത്രത്തിന് തിരിച്ചടിയായത്. പള്ളിച്ചട്ടമ്പിയിലെ പല കഥാപാത്രങ്ങളെയും ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

അതിലൊന്നാണ് സിദ്ദിഖ് അവതരിപ്പിച്ച ഈപ്പന്‍ ഡാനിയേല്‍. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വില്ലന്റെ കൂടെ കൂടി ഒരു സീക്രട്ട് ഓപ്പറേഷന്‍ നടത്തുന്നയാളാണ് ഈപ്പന്‍ ഡാനിയേല്‍. സിനിമ ആരംഭിച്ചതു മുതല്‍ സിദ്ദിഖിന്റെ നരേഷനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. എല്ലാ സീനിലും വലുതെന്തോ സംഭവിക്കാനുണ്ട് എന്ന പ്രതീതി സിദ്ദിഖിന്റെ കഥ പറച്ചില്‍ നല്‍കുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല എന്നതാണ് സത്യം.

സിദ്ദിഖിന്റെ കഥ പറച്ചിലിനെ കുക്കു എഫ്.എമ്മുമായിട്ടാണ് ട്രോളന്മാര്‍ താരതമ്യം ചെയ്യുന്നത്. ‘സിദ്ദിഖ് കഥ പറയുന്ന കുക്കു എഫ്.എമ്മിന്റെ കഥ’ എന്നാണ് പള്ളിച്ചട്ടമ്പിയെ ട്രോളന്മാര്‍ വിശേഷിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാരെ തള്ളി തള്ളി ഒരു ലെവലിലെത്തിക്കാന്‍ ഈപ്പന് സാധിച്ചിട്ടുണ്ട്.

പ്രധാന വില്ലനായ കുഞ്ഞമ്പുവിനെക്കാള്‍ സിദ്ദിഖിന്റെ കഥാപാത്രം ഹൈപ്പ് കൊടുത്തത് ജൂനിയര്‍ വില്ലനായ രായിരു രാമണ്ണക്കാണ്. കേരള സര്‍ക്കാരിനെ വീഴ്ത്താനായി കര്‍ണാടകയില്‍ നിന്ന് കെട്ടിയിറക്കിയ ക്രൂരനായ പൊലീസ് ഓഫീസറാണ് രായിരു രാമണ്ണ. എന്നാല്‍ കൊടുത്ത ഹൈപ്പിന്റെ പകുതി പോലും ഈ കഥാപാത്രത്തിന് നല്‍കാനായിട്ടില്ല. ടൊവിനോയുമായുള്ള ഫൈറ്റില്‍ ഈ വില്ലന്‍ പെട്ടെന്ന് അവസാനിക്കുന്നു.

സിദ്ദിഖിന്റെ നരേഷനില്ലാത്തത് ടെയ്ല്‍ എന്‍ഡ് സീനില്‍ മാത്രമാണ്. ഈയൊരു സീനിനെക്കുറിച്ച് സിദ്ദിഖിന് അറിയില്ലായിരുന്നെന്നും അറിഞ്ഞിരുന്നെങ്കില്‍ അതിനും നരേഷന് നല്‍കിയേനെയെന്നും കമന്റുകളുണ്ട്. വിമോചന സമരം എന്ന മികച്ച തീമിലേക്ക് കെ.ജി.എഫിന്റെ സ്‌ക്രിപ്റ്റ് കുത്തിക്കയറ്റി നശിപ്പിച്ചെന്നും പള്ളിച്ചട്ടമ്പിയെക്കുറിച്ച് ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

Content Highlight: Siddique’s Narration in Pallichattambi movie getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more