മോളിവുഡിലെ അഞ്ചാമത്തെ 200 കോടി ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം 3. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ആദ്യഭാഗവും പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ രണ്ടാം ഭാഗവും ജീത്തു ജോസഫ് എന്ന റൈറ്ററുടെ കഴിവ് എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതായിരുന്നു. അഞ്ച് വര്‍ഷത്തിനിപ്പുറം ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി സംവിധായകന്‍ എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു.
ട്വിസ്റ്റുകള്‍ക്കും സസ്‌പെന്‍സുകള്‍ക്കുമപ്പുറം കഥാപാത്രങ്ങളുടെ ഇമോഷനുകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ദൃശ്യം 3 എന്ന് സംവിധായകന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രമൊഴികെ മറ്റൊരു കഥാപാത്രത്തിന്റെയും മാറ്റം കണ്‍വിന്‍സിങ്ങാക്കാന്‍ സംവിധായകന് സാധിച്ചിട്ടില്ലെന്ന് പറയാം.
ആദ്യത്തെ രണ്ട് ഭാഗത്തിലെ പല കഥാപാത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. അതിലൊന്നാണ് സിദ്ദിഖ് അവതരിപ്പിച്ച പ്രഭാകര്‍ എന്ന കഥാപാത്രത്തിന് സംവിധായകന്‍ കൊണ്ടുവന്ന മാറ്റം. ആദ്യ രണ്ട് ഭാഗങ്ങളിലും സാധാരണക്കാരനായി നിന്ന പ്രഭാകര്‍ ദൃശ്യം 3യിലേക്ക് എത്തുമ്പോള്‍ വല്ലാതെ മാറിയിട്ടുണ്ട്. ജോര്‍ജുകുട്ടിയുടെ കുടുംബത്തോട് പൊലീസ് കാണിക്കുന്നത് ക്രൂരതയാണെന്നും വരുണിന്റെ മരണത്തിന് തങ്ങളും കാരണക്കാരാണെന്ന കുറ്റബോധവുമായിരുന്നു ദൃശ്യം 1ലും രണ്ടിലും.
എന്നാല്‍ മൂന്നാം ഭാഗത്തിലേക്കെത്തുമ്പോള്‍ ജോര്‍ജുകുട്ടിയുടെ കുടുംബത്തെ ഇല്ലാതാക്കന്‍ മുന്നില്‍ നില്‍ക്കുന്നത് പ്രഭാകറാണ്. വരുണിനെ ഇല്ലാതാക്കിയവരെ ഒന്നും ചെയ്യാനാകാത്തതിന് പിന്നാലെ ഗീത പ്രഭാകര്‍ ഡിപ്രഷനിലേക്ക് വീണെന്ന് ചിത്രത്തില്‍ കാണിക്കുന്നുണ്ട്. മകന് പിന്നാലെ ഭാര്യയും കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് പ്രഭാകര്‍ പ്രതികാരത്തിനിറങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു.
രണ്ട് വര്‍ഷത്തോളം സമയമെടുത്ത് വലിയ പ്ലാനാണ് പ്രഭാകര്‍ തയാറാക്കിയത്. എന്നാല്‍ ഈയൊരു പ്ലാനില്‍ ഒരുപാട് ലൂപ്‌ഹോളുകളാണുള്ളത്. ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ചില സമയത്ത് ചിന്തിച്ചുപോയി. പ്രഭാകറിന്റെ ഈയൊരു ‘ഗംഭീര’ പ്ലാന്‍ കേട്ടിട്ടാണോ ഗീത ഡിപ്രഷനിലായത് എന്ന് ചിന്തിച്ചാലും തെറ്റ് പറയാനാകില്ല.
താന്‍ ജോര്‍ജുകുട്ടിയെ പൂട്ടും എന്ന് കോണ്‍ഫിഡന്‍സോടെ പറയുമ്പോഴും ഐ.ജി. തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രം പ്രഭാകറിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ തന്റെ പ്ലാനില്‍ അയാള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമാണ്. സിനിമയുടെ ആദ്യപകുതിയില്‍ ബ്രോക്കറുടെ ആവര്‍ത്തന രംഗങ്ങള്‍ ഒഴിവാക്കി അതിന് പകരം പ്രഭാകറിന്റെ ട്രാന്‍സ്‌ഫോര്‍മേഷനെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നെങ്കില്‍ ഇത്തരം കല്ലുകടികള്‍ ഒഴിവായേനെ.
Content Highlight: Siddique’s character arc failed in Drishyam 3 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ