1989-ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു റാംജിറാവ് സ്പീക്കിങ്. ഇന്നസെന്റ്, മുകേഷ്, സായികുമാർ, രേഖ, സുകുമാരി, മാമുക്കോയ എന്നിങ്ങനെ വലിയ താരനിരകൾ അണിനിരന്ന ഈ ചിത്രം അന്ന് ഇരുനൂറിലധികം ദിവസം തിയേറ്ററുകളിൽ പ്രദർശനം തുടർന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു.
പിന്നീട് 1995-ൽ മാന്നാർ മത്തായി സ്പീക്കിങ് , 2014-ൽ മാന്നാർ മത്തായി സ്പീക്കിങ് 2 എന്നീ പേരിൽ ഈ ചിത്രത്തിന്റെ സീക്വലുകൾ വന്നു. ഫാസിൽ , പ്രിയദർശൻ എന്നീ സംവിധായകർ ഉൾപ്പെടെ മാന്നാർ മത്തായിയുടെ തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളും എടുത്തിരുന്നു.
ഇപ്പോഴിതാ നടൻ സിദ്ദിഖ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ രാംജിറാവു സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്.
Siddique. Photo. Screen grab/ Youtube
റാംജിറാവ് സ്പീക്കിങ് എന്ന സിനിമ കണ്ടിട്ട് മലയാളത്തിലെ ഒരു മുതിർന്ന സംവിധായകൻ ആ സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇത്രയും ജനസ്വീകാര്യത ലഭിച്ചതെന്നും, അതിലെ തമാശകളൊന്നും തനിക്ക് മനസിലായിട്ടില്ലെന്നും സിദ്ദിഖിനോട് പറഞ്ഞതായി അദ്ദേഹം ഓർത്തെടുക്കുന്നു.
‘ഞാൻ സിനിമയിൽ വന്ന് കുറച്ചുകാലം കഴിഞ്ഞു റിലീസായ ചിത്രമായിരുന്നു റാംജിറാവ് സ്പീക്കിങ്. ആ സിനിമ ആ കാലഘട്ടത്തിൽ വലിയ ഹിറ്റായിരുന്നു. ആ സിനിമയൊക്കെ ഞാൻ തിയേറ്ററിൽ പോയി കണ്ട് തലതല്ലിച്ചിരിച്ച് ആസ്വദിച്ച സിനിമയായിരുന്നു. ആ സമയത്ത് ഇൻഡസ്ട്രിയിലുള്ള വളരെ സീനിയറായിട്ടുള്ള ഒരു സംവിധായകൻ എന്റെ അടുത്ത് ചോദിച്ചു, എന്താണ് ഈ രാംജിറാവു സിനിമ ഇത്രയും ഓടാനുള്ള കാരണം എന്ന് എനിക്ക് മനസിലാവുന്നില്ല, എനിക്ക് അതിനകത്തുള്ള തമാശ പിടി കിട്ടുന്നില്ല എന്ന്.
അപ്പോൾ ഞാൻ ചോദിച്ചു, എന്താണ് അതിൽ സാറിന് പിടി കിട്ടാത്തത് എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത്, ഒരക്ഷരം മിണ്ടരുത് എന്ന് പറയുമ്പോൾ ഏത് അക്ഷരം എന്ന് തിരിച്ചു ചോദിക്കുന്നതാണോ തമാശ, എന്തൊരു വൃത്തികേടാണത്. തേങ്ങ എടുത്തെറിയുമ്പോൾ അത് നെഞ്ചത്ത് കൊള്ളുന്നതാണോ ഇത്രയ്ക്കും ചിരിക്കാനുള്ളത് എന്നാണ് അദ്ദേഹം ചോദിച്ചത്,’ സിദ്ദിഖ് പറഞ്ഞു.
പുതിയ തലമുറ സിനിമയെ ജീവിതത്തിലേക്ക് കൂടെ ഉൾക്കൊള്ളുന്നവരാണെന്നും സിദ്ദിഖ് പറയുന്നു. നടൻ തിലകനും താനുമൊക്കെ സിനിമകളിൽ പറഞ്ഞ ഡയലോഗുകൾ ജീവിതത്തിലെ പല സാഹചര്യങ്ങളിൽ അവർ ഉപയോഗിക്കുന്നത് അതിന്റെ ഉദാഹരണമാണെന്നും സിദ്ദിഖ് വ്യക്തമാക്കി.
‘എനിക്ക് മനസ്സിലായത് കാലഘട്ടം മാറുന്നതിനനുസരിച്ചു സിനിമയെ പ്രേക്ഷകർ കാണുന്ന രീതികളിലും മാറ്റങ്ങൾ സഭവിച്ചിട്ടുണ്ട് എന്നാണ്. പുതിയ തലമുറയുടെ കാര്യം പറയുകയാണെങ്കിൽ അവർ ജീവിതത്തിലേക്ക് കൂടി സിനിമ എടുത്തിട്ടുണ്ട്. കാരണം നമ്മൾ ഇപ്പോൾ അവരോട് എന്തെങ്കിലും സംസാരിച്ചു കഴിഞ്ഞാൽ അവർ പറയുന്നത് മൊത്തം സിനിമാ ഡയലോഗുകളാണ്.
ഉദാഹരണത്തിന് ആളെയത്ര പരിചയമില്ലെന്ന് തോന്നുന്നു എന്ന തിലകൻ ചേട്ടന്റെ ഡയലോഗ്, ഞാൻ തന്നെ ഒരു സിനിമയിൽ പറഞ്ഞ വയലാർ എഴുതുമോ ഇതുപോലെ എന്ന ഡയലോഗ് അങ്ങനെ പല സാധനങ്ങളും അവരോട് സംസാരിക്കുമ്പോൾ പറയുന്നതായിട്ടു ഞാൻ കേട്ടിട്ടുണ്ട്,’ സിദ്ദിഖ് പറഞ്ഞു.
റാംജിറാവ് സ്പീക്കിങ്. Photo. Mollywood Times