ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട വ്യാജ സ്റ്റിംഗ് വീഡിയോ വിവാദം കർണാടക കോൺഗ്രസിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിതുറന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി പാർശ്വവത്കരിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന ആരോപണം ശക്തമായതോടെ, 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളെ ഇത് ബാധിക്കുമെന്ന് നേതാക്കൾ ആശങ്കപ്പെടുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ബി.ജെ.പി യെദ്യൂരപ്പയെ തഴഞ്ഞപ്പോൾ 2013-ലും 2023-ലും നേരിട്ട കനത്ത തിരിച്ചടിക്ക് സമാനമായ ‘യെദ്യൂരപ്പ പ്രഭാവം’ കോൺഗ്രസിനും നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
സിദ്ധരാമയ്യയെ ഒതുക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഈ സ്റ്റിംഗ് ഓപ്പറേഷന് പിന്നിൽ ചരടുവലിച്ചതെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഗുരുതര ആരോപണം ഉന്നയിച്ചു.
ഒരു മാധ്യമപ്രവർത്തകനെയും കന്നഡ ടെലിവിഷൻ ചാനൽ ഉടമയെയും കൂട്ടുപിടിച്ച് ശിവകുമാറാണ് ഓപ്പറേഷൻ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. 2023-ൽ ചിത്രീകരിച്ചതെന്ന് പറയപ്പെടുന്ന, തെളിയിക്കപ്പെടാത്ത ചില പഴയ സംഭവങ്ങളുമായി ബന്ധപ്പെട്ട അപകീർത്തികരമായ ദൃശ്യങ്ങൾ ഉപയോഗിച്ച് സിദ്ധരാമയ്യയുടെ പ്രതിച്ഛായ തകർക്കാനും, അദ്ദേഹത്തെ രാജിവെപ്പിച്ച് അധികാരം സ്വന്തമാക്കാനുമാണ് ശ്രമം നടന്നതെന്നും കുമാരസ്വാമി ആരോപിച്ചു.
മന്ത്രിസഭാ വികസന ചർച്ചകൾക്കെന്ന വ്യാജേന സിദ്ധരാമയ്യയെ ദൽഹിയിലേക്ക് വിളിപ്പിച്ച് ഈ വീഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും തള്ളിയ ശിവകുമാർ, കാര്യങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ സമുദായങ്ങളുടെ ശക്തമായ പിന്തുണയുള്ള സിദ്ധരാമയ്യയെ ഒപ്പം നിർത്തേണ്ടത് 2028-ൽ നിർണായകമാണെന്ന് ശിവകുമാർ മന്ത്രിസഭയിലെ മുതിർന്ന നേതാക്കൾ തന്നെ സമ്മതിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
2023-ൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച സിദ്ധരാമയ്യ–ശിവകുമാർ ചേരികൾ തമ്മിലുള്ള സന്തുലിതാവസ്ഥ ഈ വിവാദത്തോടെ തകരാൻ ഇടയുണ്ട്.
തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണത്തിനെതിരെ സിദ്ധരാമയ്യ കോടതിയെ സമീപിച്ച് വിവാദമായ രണ്ട് വീഡിയോകൾ പ്രചരിപ്പിക്കുന്നതിന് 42 മാധ്യമ സ്ഥാപനങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും എതിരെ ഇടക്കാല ഇൻജങ്ഷൻ ഉത്തരവ് നേടി.
ഇതിന് പിന്നാലെ ബി.ജെ.പി എം.എൽ.എ രമേഷ് ജാർക്കിഹോളി മൈസൂരുവിൽ സിദ്ധരാമയ്യയെ സന്ദർശിച്ചു. ‘ഏത് പാർട്ടിയിലായാലും സിദ്ധരാമയ്യ ഞങ്ങളുടെ നേതാവാണ്’ എന്ന് പറഞ്ഞ ജാർക്കിഹോളി, 2021-ലെ സ്റ്റിംഗ് വീഡിയോ വിവാദത്തിൽ തനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നിലും ശിവകുമാറാണെന്ന് നേരത്തെ ആരോപിച്ചിരുന്നു.
മറുവശത്ത്, വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ സെൻട്രൽ ക്രൈംബ്രാഞ്ച് സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ ജെ.ഡി(എസ്) പ്രവർത്തകരെ പൊലീസ് അനാവശ്യമായി വേട്ടയാടുകയാണെന്നും, പ്രവർത്തകർക്ക് പകരം ശിവകുമാറടക്കമുള്ള ഉന്നതരുടെ ഫോൺ രേഖകളാണ് പരിശോധിക്കേണ്ടതെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. ഇതോടെ അന്വേഷണം പക്ഷപാതപരമാണെന്ന ആരോപണവും ശക്തമായി.
കർണാടക രാഷ്ട്രീയത്തിൽ ഇത്തരം സ്റ്റിംഗ് വിവാദങ്ങൾ പുതിയതല്ലെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ആർ. ഗുണ്ടുറാവു, രാമകൃഷ്ണ ഹെഗ്ഡെ, എസ്.എം. കൃഷ്ണ തുടങ്ങിയ മുൻ മുഖ്യമന്ത്രിമാരും സമാന നീക്കങ്ങൾ നേരിട്ടിട്ടുണ്ട്.
1990-ൽ വീരേന്ദ്ര പാട്ടീലിനെ മാറ്റിയപ്പോൾ ലിംഗായത്ത് സമുദായത്തിൽ നിന്ന് കോൺഗ്രസിന് കനത്ത തിരിച്ചടി ലഭിച്ചതും നേതാക്കൾ ഓർമിപ്പിക്കുന്നു. കുറുബ സമുദായത്തിലും മറ്റ് പിന്നാക്ക വിഭാഗങ്ങളിലും വലിയ സ്വാധീനമുള്ള സിദ്ധരാമയ്യയെ വേട്ടയാടുന്നത് തുടർന്നാൽ പാർട്ടി വൻ രാഷ്ട്രീയ വില നൽകേണ്ടിവരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.
Content Highlight:Siddaramaiah Sting Video Controversy: Major Crisis in Karnataka Congress.