കുറഞ്ഞ കാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സംഗീത ലോകത്ത് തരംഗം സൃഷ്ടിച്ച ഗായകനും സംഗീത സംവിധായകനുമാണ് സിദ് ശ്രീറാം. തമിഴ് ചിത്രമായ ‘ഐ’യിലെ എന്നോട് നീയിരുന്താല്‍, തെലുങ്ക് ചിത്രം ഗീതാ ഗോവിന്ദത്തിലെ ഇന്‍കേം ഇന്‍കേം കാവലേ, പുഷ്പയിലെ ശ്രീവല്ലി, മലയാളത്തില്‍ വൈറലായ മിന്നല്‍വള തുടങ്ങി പല ഭാഷകളിലായി ഒട്ടനവധി ഹിറ്റ് ഗാനങ്ങളാണ് സിദിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്.
അമേരിക്കയിലെ ബെര്‍ക്ക്‌ലി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും മ്യൂസിക്ക് പ്രൊഡക്ഷനിലും എന്‍ജിനീയറങ്ങിലും ബിരുദം നേടിയ സിദ് 2013ല്‍ എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച കടല്‍ എന്ന ചിത്രത്തിലെ അടിയേ എന്ന ഗാനം ആലപിച്ച് കൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിദിന്റെ കരിയറില്‍ വഴിത്തിരിവായ എന്നോട് നീയിരുന്താല്‍ എന്ന ഗാനം കംപോസ് ചെയ്തതും എ.ആര്‍ റഹ്‌മാനായിരുന്നു.
സിദ് ശ്രീറാം. Photo: Scroll.in
അടുത്തിടെ മനോരമ ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ എ.ആര്‍ റഹ്‌മാനൊപ്പം വര്‍ക്ക് ചെയ്തതിനെ കുറിച്ച് ഗായകന്‍ പറഞ്ഞ വാക്കുകളാണ് സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നോട് നീയിരുന്താല്‍ എന്ന പാട്ട് ഹൈ പിച്ചില്‍ പാടാനായി തനിക്ക് പ്രചോദനം നല്‍കിയത് എ.ആര്‍ റഹ്‌മാനാണെന്ന് സിദ് അഭിമുഖത്തില്‍ പറഞ്ഞു.
‘അടിയേ എന്ന ഗാനം ആലപിക്കാനായി എ.ആര്‍ റഹ്‌മാന്‍ വിളിച്ചത് ഇപ്പോഴും ഒരു മാജിക് പോലെയാണ് തോന്നുന്നത്. ബോസ്റ്റണിലെ ബെര്‍ക്ക്‌ലി കോളജ് ഓഫ് മ്യൂസിക്കില്‍ എന്റെ അവസാന സെമസ്റ്ററായിരുന്നു. അപ്പോഴാണ് റഹ്‌മാന്‍ സാറിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ അവസരം ലഭിച്ചത്. അദ്ദേഹം മുംബൈയിലും ഞാന്‍ ബോസ്റ്റണിലും. ഇത് രഹസ്യമായി സുക്ഷിക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നതുകൊണ്ട് സുഹൃ ത്തുക്കളെയൊന്നും കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഓഡിയോ ഉപകരണങ്ങളെല്ലാം ഞാന്‍ തന്നെ സജ്ജീകരിച്ചു. അന്ന് എന്റെ ലാപ്‌ടോപ് വളരെ പഴയതായിരുന്നു. ക്യാമറയും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് എനിക്ക് റഹ്‌മാന്‍ സാറിനെ ഒന്നു കാണാന്‍പോലും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ വോയിസ് നോട്ട് കേട്ട് ഞാന്‍ അതുപോലെ പാടുകയായിരുന്നു,’ സിദ് പറഞ്ഞു.
Photo: South Asian Trailblazers- Substack
ഇതുവരെ ആലപിച്ച ഗാനങ്ങളില്‍ പ്രത്യേക ഇഷ്ടമുള്ള ഗാനം ഐ എന്ന വിക്രം സിനിമയിലെ എന്നോട് നീയിരുന്താല്‍ ആണെന്നും സിദ് പറഞ്ഞു. ”ഐ’ എന്ന വിക്രം ചിത്രത്തിലെ ‘എന്നോട് നീയിരുന്താല്‍’ എന്ന പാട്ടിനോട് അല്‍പം ഇഷ്ടക്കൂടുതലുണ്ട്. കാരണം എ.ആര്‍. റഹ്‌മാന്‍ സാറിനൊപ്പം ഒരേ മുറിയിലിരുന്ന് റെക്കോര്‍ഡ് ചെയ്ത ആദ്യ പാട്ടായിരുന്നു അത്. പാട്ടിന്റെ സ്‌ക്രാച്ച് ട്രാക്ക് കേട്ടപ്പോള്‍തന്നെ അതിന്റെ ഹൈ പിച്ച് എനിക്കു സാധിക്കുമെന്ന് തോന്നുന്നില്ലെന്നു ഞാന്‍ സാറിനോട് തുറന്നുപറഞ്ഞു പക്ഷേ ‘നിന്നെക്കൊണ്ടു സാധിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. എന്നില്‍ കാണിച്ച ആ വിശ്വാസമാണ് എന്നെക്കൊണ്ട് ആ പിച്ചില്‍ പാടിപ്പിച്ചത്. എന്റെ കരിയറിലും അതൊരു ടേണിങ് പോയിന്റായി. ഇന്നും എന്റെ സംഗീതപരിപാടികള്‍ അവസാനിപ്പിക്കുന്നത് ആ പാട്ടോടെയാണ്,’ സിദ്ധ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Sid Sriram talks about his favorite song and AR Rahman