അട്ടപ്പാടി: അട്ടപ്പാടിയില്‍ നിര്‍മാണം നിലച്ച വീട് തകര്‍ന്ന് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുട്ടികളുടെ അമ്മ ദേവി രംഗത്ത്. അപകടമുണ്ടായപ്പോള്‍ കൃത്യ സമയത്ത് വാഹനം ലഭിക്കാത്തതിനാലാണ് കുട്ടികളുടെ ജീവന്‍ നഷ്ടമായതെന്ന് അവര്‍ പറഞ്ഞു.
പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവുമുണ്ടായില്ലെന്നും നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
‘ഭിത്തി പൊട്ടിയ ശബ്ദം കേട്ടാണ് ചെന്നത്. ഞങ്ങളുടെ കുട്ടികളുടെ ദേഹത്താണ് ഭിത്തി വീണത്. ഒരാള് അവിടെ വെച്ച് തന്നെ പോയിരുന്നു. മറ്റൊരാള്‍ക്ക് ജീവനുണ്ടായിരുന്നു. എന്റെ മടിയില്‍ വെച്ചപ്പോള്‍ അവന് അനക്കമുണ്ടായിരുന്നു.
അപ്പോള്‍ തന്നെ വണ്ടിക്ക് വിളിച്ചെങ്കിലും ഒറ്റ വണ്ടി പോലും ലഭിച്ചില്ല. ഇവിടെ റേഞ്ചും കുറവാണ്. അതിനാലാണ് അനിയന്മാരുടെ സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്,’ ദേവി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കരുവാര ഊരിലെ അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദി(7), അജ്നേഷ് (4) എന്നിവര്‍ മരിച്ചത്. 2016ല്‍ നിര്‍മാണം നിലച്ച വീടിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് കളിക്കുന്ന കുട്ടികളുടെ മേല്‍ വീണായിരുന്നു അപകടം.
നാല് വയസുകാരന്‍ അജ്നേഷ് സംഭവത്ത് സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഏഴ് വയസുകാരനായ കുട്ടിക്ക് ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നു.
സംഭവത്തില്‍ ഇവരുടെ ബന്ധുവുമായ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ആറു വയസുകാരി അഭിനയ ഇപ്പോഴും ചികത്സയില്‍ തുടരുകയാണ്.
അപകടം സംഭവിച്ച കുട്ടികളെ ആദ്യം ബൈക്കിലും പിന്നീട് വനം വകുപ്പിന്റെ ജീപ്പിലുമാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്.
Content Highlight: Siblings killed in Attappadi house collapse incident: Children’s lives were lost because they didn’t get a vehicle on time; children’s mother