മലയാള സിനിമയിൽ വികാരനിർഭരവും കഥാപ്രാധാന്യമുള്ളതുമായ നിരവധി എവർഗ്രീൻ ഹിറ്റുകൾ സമ്മാനിച്ച മാസ്റ്റർ ഡയറക്ടറാണ് സിബി മലയിൽ. കിരീടം, ഭരതം, തനിയാവർത്തനം തുടങ്ങി അദ്ദേഹം ഒരുക്കിയ ചിത്രങ്ങളിലെ വൈകാരിക രംഗങ്ങൾ ഇന്നും പ്രേക്ഷകമനസുകളിൽ മായാതെ നിൽക്കുന്നു. ഇപ്പോഴിതാ തന്റെ സിനിമകളിൽ ഉപയോഗിക്കുന്ന ക്ലോസപ്പ് ഷോട്ടുകൾ സിനിമയ്ക്ക് നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബി മലയില്‍.photo.sreen grab/youtube
‘സിനിമയിൽ ക്ലോസപ്പ് ഷോർട്ട് കൂടുതലായി ഉപയോഗിക്കുന്നു എന്നത് എന്നെക്കുറിച്ചുള്ള ഒരു പരാതിയാണ്. പ്രത്യേകിച്ച് ലോഹിതദാസിന്റെ ഒരു പരാതിയായിരുന്നു അത്. ഞാൻ അപ്പോഴും പറയാറുള്ളത്, ക്ലോസപ്പുകൾ സിനിമയ്ക്ക് കിട്ടുന്ന സ്വാതന്ത്ര്യമാണ് എന്നാണ്. ഞാൻ ലോഹിയോട് ചോദിക്കാറുണ്ടായിരുന്നു, നിങ്ങൾ എഴുതുമ്പോൾ എന്താണ് കാണുക എന്ന്. അത് എഴുത്തുകാരന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടായിരിക്കും.
ഒരു നാടകത്തിൽ ആണെങ്കിൽ വേദിയിൽ വന്ന് പല കഥാപാത്രങ്ങളും അവരുടെ ഡയലോഗുകൾ പറഞ്ഞുപോകും. അവിടെ കാണികളുടെ സ്വാതന്ത്ര്യമാണ് എങ്ങോട്ട് നോക്കണം എന്നുള്ളത്. എന്നാൽ സിനിമയ്ക്ക് മാത്രം ഉള്ള സ്വാതന്ത്ര്യമാണ് പ്രേക്ഷകർ എങ്ങോട്ട് നോക്കണം എന്നുള്ള തീരുമാനം എടുക്കാനുള്ള അധികാരം. ഒരു പുസ്തകം വായിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ അടിവരയിട്ടു വായിക്കാറില്ലേ, നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് എന്ന് തോന്നുന്നത് കൊണ്ടാണ് അത് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു അടിവരയിടൽ ആണ് സിനിമയിലെ ക്ലോസപ്പ് ഷോട്ട് എന്ന് പറയുന്നത്.
ഈ ക്ലോസപ്പ് ഷോട്ട് കൊണ്ട് എനിക്ക് കിട്ടിയ ഒരു പ്രശംസയെക്കുറിച്ച് പറയാം. ഞാൻ ഒരിക്കൽ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ പ്രസാദ് സ്റ്റുഡിയോയുടെ ഉടമ രമേശ് പ്രസാദ് അവിടെയുണ്ടായിരുന്നു. അദ്ദേഹം അന്ന് സൗത്ത് ഇന്ത്യയിലെ സിനിമകൾ പ്രോസസ്സിംഗിനായി സ്റ്റുഡിയോയിൽ വരുമ്പോൾ കാണാറുണ്ടായിരുന്നു. അപ്പോൾ ഒരു ദിവസം എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. ആ സമയം അദ്ദേഹം എന്നോട് പറഞ്ഞത്, ഞാൻ നിങ്ങളെ തിരയുകയായിരുന്നു, നിങ്ങളുടെ നിരവധി സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിൽ ക്ലോസപ്പ് ഷോട്ടുകൾ എടുക്കുന്ന സംവിധായകരിൽ ഒരാളാണ് നിങ്ങൾ എന്നാണ്. അദ്ദേഹം കണ്ട സിനിമകളിൽ നിന്നും എന്നെ വേറിട്ടുനിർത്തിയത് ഞാൻ എടുക്കുന്ന ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ്. അതുകൊണ്ട് തന്നെ ക്ലോസപ്പ് ഷോട്ടുകൾ എന്റെ സിനിമകളിലെ ഏറ്റവും വലിയ കരുത്ത് തന്നെയാണ്,’ സിബി മലയിൽ പറഞ്ഞു.
കിരീടം.ക്ലോസപ്പ് ഷോട്ട്.photo.cinema express