മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം സംവിധായകനായി എത്തുന്നത്. ഇപ്പോള്‍ സിബി മലയില്‍ സിനിമമേഖലയില്‍ എത്തിയിട്ട് 40 വര്‍ഷം പൂര്‍ത്തിയാകുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം 40 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. ആ പരിപാടിയില്‍ മമ്മൂട്ടിയുടെ ശബ്ദ സന്ദേശവും ഉണ്ടായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു മമ്മൂട്ടിയുടെ ശബ്ദം മലയാളികള്‍ കേള്‍ക്കുന്നത്.
ഇപ്പോള്‍ മമ്മൂട്ടി നല്‍കിയ ഈ സര്‍പ്രൈസിനെ കുറിച്ച് പറയുകയാണ് സിബി മലയില്‍. തനിക്ക് അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ കണ്ണുനിറഞ്ഞു എന്നാണ് സംവിധായകന്‍ പറയുന്നത്. ദ സ്റ്റോറി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ ചടങ്ങിന്റെ ആലോചനകളൊന്നും എന്റെ ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അറിയാതെയാണ് എന്റെ അസിസ്റ്റന്‍സ് ഈ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഈ വര്‍ഷത്തോടെ ഞാന്‍ സിനിമയില്‍ എത്തിയിട്ട് നാല്‍പത് വര്‍ഷമാകുന്നു എന്ന അറിവ് അവര്‍ക്ക് കിട്ടുകയായിരുന്നു.
അങ്ങനെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അവര്‍ ഒരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും എവിടെയെങ്കിലും അവര്‍ ഒത്തുകൂടാറുണ്ട്. അതിലേക്ക് എന്നെയും ക്ഷണിക്കുമായിരുന്നു.
അവരൊക്കെ കുടുംബവുമായിട്ടാണ് ആ പരിപാടിയിലേക്ക് വരുന്നത്. മൂന്ന് വര്‍ഷമായി ഇത് തുടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പരിപാടിയുടെ ഇടയിലാണ് ആരോ ‘മുത്താരംകുന്ന് സിനിമയുടെ നാല്‍പത്, സിബി മലയിലിന്റെ നാല്‍പത് വര്‍ഷങ്ങള്‍’ എന്ന സൂചന തരുന്നത്.
അന്ന് അത് അവിടെ ചര്‍ച്ച ആയതാണ്. അവര്‍ ആഘോഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ‘വേണ്ട. ഇപ്പോള്‍ നമ്മള്‍ ഒത്തുകൂടുമ്പോള്‍ ഉള്ളത് പോലെ നമുക്ക് ഇടയില്‍ മാത്രം ആ സന്തോഷം പങ്കിടല്‍ മതി’യെന്നാണ് പറഞ്ഞത്.
അങ്ങനെ ഒരാഴ്ച മുമ്പാണ് അവര്‍ നേരിട്ട് വന്ന് എന്നോട് ഈ കാര്യങ്ങളൊക്കെ അറിയിക്കുന്നത്. അവിടെ നടന്ന ഓരോ കാര്യങ്ങളും എനിക്ക് സര്‍പ്രൈസായിരുന്നു. ഞാന്‍ ആ വേദിയില്‍ എത്തിയതിന് ശേഷം എന്റെ മുന്നിലേക്ക് വന്ന ആളുകളും വീഡിയോ ബൈറ്റുകളുമെല്ലാം എനിക്ക് സര്‍പ്രൈസായിരുന്നു.
അപ്പോഴും എനിക്ക് അവിടെയും ഇവിടെയുമായി ചില കാര്യങ്ങളൊക്കെ അറിയാമായിരുന്നു. ഞങ്ങള്‍ വരുന്നുണ്ടെന്ന് ചിലരൊക്കെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വിപുലമായ കൂടിചേരല്‍ ആകുമെന്ന് ഞാന്‍ കരുതിയില്ല.
മമ്മൂട്ടിയുടെ ബൈറ്റാണ് ആദ്യം വരുന്നത്. അത് എന്നെ ശരിക്കും ഞെട്ടിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ കാലഘട്ടത്തില്‍ ഞാന്‍ അദ്ദേഹവുമായി വാട്‌സ്ആപ്പില്‍ മെസേജിലൂടെ മാത്രമാണ് സംസാരിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. ഫോണ്‍ വിളിച്ച് ഒരു ശല്യമുണ്ടാക്കരുതെന്ന് കരുതിയായിരുന്നു അത്.
ഒടുവില്‍ കുറേ നാളിന് ശേഷമാണ് ഞാനും മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുന്നത്. എന്നെ ഞെട്ടിച്ചു കളഞ്ഞ എക്‌സ്പീരിയന്‍സായിരുന്നു അത്. ശരിക്കും എന്റെ കണ്ണുകള്‍ നിറഞ്ഞു. ആദ്യ കാലത്തെ കാര്യങ്ങള്‍ മുതല്‍ക്ക് ഓരോന്നും ഓര്‍ത്തെടുത്താണ് അദ്ദേഹം സംസാരിച്ചത്.
അതും വളരെ ചുരുങ്ങിയ വാക്കുകളിലാണ് സംസാരിച്ചത്. അദ്ദേഹം സിനിമയിലെ ശബ്ദ സാന്നിധ്യമായിരുന്നു. മുത്താരംകുന്ന് പി.ഒ എന്ന സിനിമയില്‍ മമ്മൂട്ടി ചേട്ടന്‍ എന്ന കഥാപാത്രത്തിന്റെ ശബ്ദം മാത്രമാണ് ഉള്ളത്.
ഷൂട്ടിങ്ങിന് ശേഷമായിരുന്നു ആ തീരുമാനം എടുത്തത്. അന്ന് സിനിമയിലെ കഥാപാത്രത്തിന് ശബ്ദം നല്‍കിയ അതേ ആള്‍ ഈ ആഘോഷവേളയിലും ശബ്ദമായി വന്നു. അതിന്റെ ലോജിക്കൊക്കെ വളരെ കൃത്യമായിരുന്നു,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Mammootty’s surprise