മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് – സംവിധായക കൂട്ടുകെട്ടാണ് എ.കെ ലോഹിതദാസിന്റെയും സിബി മലയിലിന്റെയും. ലോഹിതദാസിന്റെ തിരക്കഥയില്‍ നിരവധി സിനിമകള്‍ ചെയ്ത സംവിധായകനാണ് സിബി മലയില്‍.
ഇരുവരും ഒന്നിച്ച സിനിമകളില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു തനിയാവര്‍ത്തനം. ഇപ്പോള്‍ ലോഹിയെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. താന്‍ ഈയിടെ കണ്ട ഒരു പോസ്റ്റിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ സംസാരിച്ചു തുടങ്ങുന്നത്.
‘ഞാന്‍ എവിടെയോ ഒരു പോസ്റ്റ് കണ്ടിരുന്നു. അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അതില്‍ പറഞ്ഞത് ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടന്‍ ചിന്തയായിരുന്നു, സിബി മലയില്‍ ലോഹിതദാസ് എന്നയാള്‍ ഒരാളാണ് എന്നത്’ എന്നായിരുന്നു (ചിരി),’ സിബി മലയില്‍ പറയുന്നു.
ദ സ്റ്റോറി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ഒപ്പം ലോഹിതദാസിന്റെ മരണ ശേഷം ഒരാള്‍ തന്റെ അടുത്തേക്ക് വന്ന് ‘ലോഹി സാര്‍’ എന്ന് വിളിച്ചതിനെ കുറിച്ചും സിബി പറയുന്നുണ്ട്.
‘അത് സിനിമകളിലൂടെ ഉണ്ടായ കാര്യമാണ്. ലോഹി എന്ന എഴുത്തുകാരനെ കുറിച്ച് പറയാനാണെങ്കില്‍, എനിക്ക് ഒരുപാട് പറയാനുണ്ടാകും. തനിയാവര്‍ത്തനം എന്ന സിനിമ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഏത് തരത്തിലുള്ള സിനിമ ചെയ്താകും തുടരുകയെന്ന് എനിക്ക് അറിയില്ല.
എന്റെ ദിശ നിര്‍ണയിച്ചതും എന്റെയുള്ളിലെ ക്രിയേറ്ററിന്റെ സ്‌പേസ് എവിടെയാണെന്നുമുള്ള ബോധ്യം എനിക്ക് കിട്ടിയതും അവിടെ വെച്ചാണ്, ലോഹിയില്‍ നിന്നാണ്. ഞങ്ങള്‍ ഒരുമിച്ച അവസാന സിനിമ സാഗരം സാക്ഷിയായിരുന്നു,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Lohithadas