എ.കെ. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ് കിരീടം, തനിയാവര്‍ത്തനം എന്നിവ. കിരീടത്തില്‍ സേതുമാധവന്‍ ആയി മോഹന്‍ലാലും തനിയാവര്‍ത്തനത്തില്‍ ബാലഗോപാലനായി മമ്മൂട്ടിയുമാണ് അഭിനയിച്ചത്.
ഇരുചിത്രങ്ങളും സിബി മലയിലിന്റെ മികച്ച സിനിമകളായാണ് കണക്കാക്കുന്നത്. ഇപ്പോള്‍ ഈ രണ്ട് ചിത്രങ്ങളെയും കുറിച്ച് പറയുകയാണ് സംവിധായകന്‍. സമൂഹമൊരു വ്യക്തിയെ പ്രത്യേക അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നതാണ് കിരീടം സിനിമയുടെ അടിസ്ഥാന വിഷയമെന്നാണ് അദ്ദേഹം പറയുന്നത്.
തനിയാവര്‍ത്തനം എന്ന സിനിമയും അത് തന്നെയാണ് പറയുന്നതെന്നും ഇരുസിനിമകളും തമ്മില്‍ അത്തരത്തില്‍ സമാനതകളുണ്ടെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ദി സ്റ്റോറി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമൂഹമൊരു വ്യക്തിയെ ഒരു പ്രത്യേക അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നതാണ് കിരീടം സിനിമയുടെ അടിസ്ഥാന വിഷയം. തനിയാവര്‍ത്തനം എന്ന സിനിമയും അത് തന്നെയാണ് പറയുന്നത്.
തനിയാവര്‍ത്തനം, കീരിടം എന്നീ സിനിമകള്‍ തമ്മില്‍ അത്തരത്തിലുള്ള സമാനതകളുണ്ട്. സിനിമയില്‍ താരങ്ങളെ അപനിര്‍മിക്കുകയെന്ന് പറയുന്നത് മമ്മൂട്ടിക്കും സംഭവിച്ചിരുന്നു. തനിയാവര്‍ത്തനം ചെയ്യുന്ന സമയത്തായിരുന്നു അത്.
ആ പടം ചെയ്യുന്ന സമയം മമ്മൂട്ടി ഫാമിലി ഓറിയന്റഡായ സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ‘മമ്മൂട്ടിയും പെട്ടിയും കുട്ടിയും’ എന്നായിരുന്നു അന്ന് പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് പറഞ്ഞിരുന്നത്.
അത്തരം ഇമേജിലേക്ക് മമ്മൂട്ടി പോയ കാലഘട്ടത്തിലാണ് അതില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ ഒരു മമ്മൂട്ടിയിലേക്കും ആ കഥാപാത്രത്തിലേക്കും നമ്മള്‍ എത്തുന്നത്. കിരീടം സിനിമയെ കുറിച്ചും ഇങ്ങനെ തന്നെ പറയാം.
കിരീടം സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് പലരും പറയാറുണ്ട്. അന്ന് വിതരണക്കാരുടെ ഭാഗത്ത് നിന്ന് ക്ലൈമാക്‌സിന് എതിരായുള്ള നിര്‍ദേശം ഉണ്ടായിരുന്നു. ഹീറോയിസത്തെ ബാധിക്കുമോയെന്ന ടെന്‍ഷന്‍ ആയിരുന്നു അവര്‍ക്കൊക്കെ.
അവരൊക്കെ കണ്‍വെന്‍ഷണലായി കണ്ടിരുന്ന നായകന്മാരുടെ രീതി ആയിരുന്നില്ല. സൂപ്പര്‍ഹീറോയുടെ അവസ്ഥയിലേക്കല്ല അയാള്‍ പോകുന്നത്. അവസാനം തോറ്റുകൊടുക്കുകയാണ് അയാള്‍,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Kireedam And Thaniyavarthanam Movie