| Sunday, 24th August 2025, 4:44 pm

അപ്പോഴാണ് എനിക്കെന്തൊക്കെയോ സിദ്ധി ഉണ്ടെന്ന ബോധ്യം വരുന്നത്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്പത്തില്‍ എഴുത്തിനോടും സിനിമയോടുമുണ്ടായിരുന്ന തന്റെ ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍.

‘പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് തന്നെ എഴുത്തില്‍ ഒരു ടേസ്റ്റുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കോളേജിലെ നാല് ഹോസ്റ്റലുകള്‍ തമ്മില്‍ മത്സരം ഉണ്ട്. ഓരോരുത്തരുമൊക്കെ എന്തെങ്കിലും ഇനങ്ങളില്‍ മത്സരിക്കും. എനിക്കപ്പോഴും താത്പര്യമുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു പറഞ്ഞു, ‘നീ കഥ എഴുതാറുണ്ടല്ലോ. നീയും പങ്കെടുക്കണം.’ എന്ന്. എനിക്കിത്തിരി സാഹിത്യവാസനയുണ്ടെന്ന് അവര്‍ക്ക് തോന്നിയിരിക്കാം. അങ്ങനെ കഥ എഴുതാന്‍ തീരുമാനിച്ചു. ചെറുകഥാ മത്സരത്തിന് കയറുമ്പോഴും അവിടെ ഇരിക്കുമ്പോഴും എഴുതേണ്ട കഥയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു എനിക്ക്,’ സിബി മലയില്‍ പറയുന്നു.

തനിക്കുള്ള പേപ്പറും പേനയും വരുമ്പോഴും എന്താണ് എഴുതേണ്ടത് തനിക്ക് അറിയില്ലായിരുന്നുവെന്നും പക്ഷേ, എഴുതിത്തുടങ്ങിയപ്പോള്‍ പെട്ടെന്നൊരു ആശയം വരുകയും ഒരു കഥ വരുകയും താനത് എഴുതി പൂര്‍ത്തീകരിക്കുകയും ചെയ്തുവെന്നും സിബി മലയില്‍ ഓര്‍ത്തെടുത്ത് പറഞ്ഞു.

‘ആ മത്സരത്തിലെ രചനകള്‍ പരിശോധിച്ചത് കോളേജിലെ അന്നത്തെ മലയാളം പ്രൊഫസര്‍ ഐയിസ്താക് സാറായിരുന്നു. കഥ വായിച്ച് അദ്ദേഹം എന്നെ വിളിച്ചു. ‘നല്ല ഭാഷയാണ്. നല്ല കഥയാണ്, നീ ഇനിയും എഴുതണം’ എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്കെന്തൊക്കെയോ സിദ്ധി ഉണ്ടെന്ന ബോധ്യംവരുന്നത്.
പിന്നീട് ചെറിയ രീതിയിലുള്ള കവിതകളും കഥകളും എഴുതുമായിരുന്നു. അതൊക്കെ എന്റെ മേശയ്ക്കുള്ളില്‍ത്തന്നെ ഒതുങ്ങിത്തീരുകയും ചെയ്തു.

പക്ഷേ, കഥയെഴുതുന്ന കാര്യം അടുത്ത സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. അങ്ങനെയാണ് സുഹൃത്ത് കഥവെച്ച് ഒരു ഷോര്‍ട്ട്ഫിലിം ചെയ്യാമെന്ന് പറയുന്നത്.’ദക്ഷിണായനം കാത്ത’ എന്നായിരുന്നു ആ കഥയുടെ പേര്. ആഗ്രഹിക്കുന്ന സമയത്ത് മരണം സംഭവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളുടെ കഥയാണ്. അത് വെച്ച് ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് സ്‌ക്രിപ്റ്റ് ഉണ്ടാക്കി. 8എംഎം ക്യാമറ ഒരു സുഹൃത്തിന് ഉണ്ടെന്ന് അറിഞ്ഞു. അതു വെച്ച് ഷൂട്ട് ചെയ്യാനായിരുന്നു പ്ലാന്‍. പക്ഷേ, അതിനുള്ള ഫിലിം കിട്ടാനില്ല. വേണ്ടത്ര പണവുമില്ല. അങ്ങനെ കുറെ ശ്രമങ്ങളൊക്കെ നടത്തി അതങ്ങ് അവസാനിച്ചു,’സിബി മലയില്‍ പറയുന്നു.

Content Highlight: Sibi Malayil talks about his love of writing and cinema in his collage days

We use cookies to give you the best possible experience. Learn more