ലോഹിതദാസിനെക്കുറിച്ചും ദേവദൂതൻ സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. എന്തും പറയാൻ സാധിക്കുന്ന ബന്ധമായിരുന്നു തനിക്കും ലോഹിതദാസിനുമിടയിലെന്നും അദ്ദേഹത്തിനൊപ്പം വീണ്ടും സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും സിബി മലയിൽ പറയുന്നു.
എന്നാൽ അത് നടന്നില്ലെന്നും ജീവിതത്തിൽ ഞാൻ ഏറ്റവും സങ്കടപ്പെട്ട ദിവസങ്ങളിലൊന്നാണ് ലോഹിതദാസിൻ്റെ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ പ്രതീക്ഷകളോടെ പുറത്തിറക്കിയ ദേവദൂതൻ സിനിമയുടെ പരാജയം തന്നെ തകർത്തെന്നും പരാജയത്തിൽ തനിച്ചായിരിക്കുമെന്ന് അന്ന് താൻ മനസിലാക്കിയെന്നും സിബി മലയിൽ പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്തും പറയാതെ പറയാനാവുന്ന ബന്ധമായിരുന്നു എനിക്കും ലോഹിക്കും ഇടയിൽ. ആ അടുപ്പമാകാം ഒരുപക്ഷേ, ഞങ്ങളുടെ സിനിമയുടെ മാറ്റുകൂട്ടിയതും. ലോഹിക്കൊപ്പം വീണ്ടുമൊരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. അതേപ്പറ്റി ഞങ്ങൾ സംസാരിക്കുകയും ചെയ്തു. കഥകേൾക്കാൻ ഞാൻ പോകുന്നതിന് രണ്ടുദിവസം മുൻപ് ലോഹി മരിച്ചു. ജീവിതത്തിൽ ഞാൻ ഏറ്റവും സങ്കടപ്പെട്ട ദിവസങ്ങളിലൊന്നാണത്.
അത് മറികടക്കുക എനിക്ക് അത്ര എളുപ്പമായിരുന്നില്ല. അതേ വ്യാപ്തിയിൽ പിന്നെ ഞാൻ സങ്കടമറിയുന്നത് ദേവദൂതനിലൂടെയാണ്. ഞാൻ ചെയ്യേണ്ടിയിരുന്ന ആദ്യസിനിമ അതായിരുന്നു. അന്നത് നടന്നില്ല. മുടങ്ങിപ്പോയപ്പോൾ ഏറെ വിഷമിച്ചു. അതേച്ചൊല്ലി, ഇനി സിനിമയിലേക്കില്ലെന്നുപോലും ഉറപ്പിച്ചു. പിന്നെ ജീവിതം മാറി. തീരുമാനങ്ങൾ മാറി. വിജയത്തിന്റെ സന്തോഷങ്ങളറിഞ്ഞു. ആ ആത്മവിശ്വാസത്തിൽ തന്നെയാണ് ദേവദൂതനിലേക്കെത്തുന്നത്. വലിയ പ്രതീക്ഷകളോടെ പുറത്തിറക്കിയ സിനിമയുടെ പരാജയം എന്നെ തകർത്തുകളഞ്ഞു. വിജയത്തിൽ കൂടെ നിൽക്കാൻ ആളുകളുണ്ടാകുമെന്നും പരാജയത്തിൽ തനിച്ചായിരിക്കുമെന്നും ഞാൻ മനസിലാക്കി,’ ലോഹിതദാസ് പറയുന്നു.
സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ, ജയപ്രദ, മുരളി, വിനീത് കുമാർ എന്നിവർ പ്രധാനവേഷത്തിലെത്തിയ സിനിമയാണ് ദേവദൂതൻ. 2000ത്തിൽ പുറത്തിറങ്ങിയ ചിത്രം അന്ന് തിയേറ്ററിൽ വിജയമായിരുന്നില്ല. എന്നാൽ ചിത്രത്തിലെ പാട്ടുകൾ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗറാണ്. കഴിഞ്ഞ വർഷം സിനിമ വീണ്ടും റീറിലീസ് ചെയ്തതോടെ പ്രേക്ഷകർ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിക്കുകയായിരുന്നു.
Content Highlight: Sibi Malayil Talking about Lohithadas and Devadoothan Cinema