| Saturday, 11th October 2025, 3:24 pm

നിലത്തിരുന്ന് കരയുന്ന മോഹൻലാൽ; അത്രയും പൂർണതയിൽ ലാൽ അഭിനയിച്ച രം​ഗം ക്യാമറയിൽ പക‍ർത്തുക എളുപ്പമായിരുന്നില്ല: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ പ്രമുഖ സംവിധായകരിലൊരാളാണ് സിബി മലയിൽ. കിരീടം, ദേവദൂതൻ, ചെങ്കോൽ, കമലദളം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിങ്ങനെ മോഹൻലാലും ഒന്നിച്ച് ഒരുപിടി നല്ല സിനിമകൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെങ്കോൽ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.

‘ചെങ്കോലിൽ ഒരു സീനുണ്ട്. അതേ സിനിമയിൽ ഹോട്ടൽ മുറിയിൽ വെച്ച് ലാൽ തന്റെ സഹോദരിയെ, കാണാൻ പാടില്ലാത്തൊരു സാഹചര്യത്തിൽ കാണുന്നൊരു രംഗമുണ്ട്. അച്ഛന്റെ അറിവോടെയാണ് ഇത് സംഭവിച്ചതെന്ന് തിരിച്ചറിയുന്ന ലാൽ അച്ഛനായ തിലകനെ അഭിമുഖീകരിക്കുന്ന രംഗം.

മകന് മുന്നിൽ വാതിൽ വലിച്ചടയ്ക്കുന്ന അച്ഛൻ. തുറക്ക് തുറക്കെന്ന് തട്ടിവിളിക്കുന്ന മകൻ. വൈകാരികത തഴച്ച രംഗം. നിങ്ങളാണോ അച്ഛൻ, നിങ്ങളെയാണോ അച്ഛാ എന്ന് ഞാൻ വിളിച്ചത്, സ്‌നേഹിച്ചത്, മാനിച്ചത്, ആരാധിച്ചത് എന്ന് ചോദിച്ച് ലാൽ വാതിലിൽ ചാരി ഊർന്ന് നിലത്തേക്ക് വീഴുന്നു. കരയുകയാണയാൾ.

ക്രെയിൻ ഷോട്ടായിരുന്നു അത്. അത്രയും പൂർണതയിൽ ലാൽ അഭിനയിച്ച ആ രംഗം അതേ തീവ്രതയിൽ ക്യാമറയിൽ പകർത്തുക അത്ര എളുപ്പമായിരുന്നില്ല. എന്തെങ്കിലും പാളിച്ച വന്നാൽ വീണ്ടും അതാവർത്തിക്കാൻ ലാലിനോട് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല,’ സിബി മലയിൽ പറയുന്നു.

മോഹൻലാലിന്റെ കരിയറിലും ഇടർച്ചകൾ ഉണ്ടായിട്ടുണ്ട്. വിമർശനങ്ങളും പഴികളും അദ്ദേഹത്തിനും കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, എത്ര ശക്തമായാണ് ഓരോ തവണയും അയാൾ തിരിച്ചുവന്നിട്ടുള്ളത്. ഓരോ തിരിച്ചിറക്കങ്ങളും അടുത്ത കയറ്റത്തിനുള്ള ഈർജമാണെന്ന് മോഹൻലാലിന് അറിയാമെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

Content Highlight: Sibi Malayil talking about Chenkol Cinema and Mohanlal

We use cookies to give you the best possible experience. Learn more