എക്കാലവും ഓര്‍ത്തിരിക്കുന്ന അനവധി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ അദ്ദേഹം നിരവധി സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അദ്ദേഹം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ഭാഗമായതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ സിബി മലയില്‍.
‘ഫാസില്‍ തിരക്കഥ എഴുതിയ തീക്കടല്‍ എന്ന ചിത്രത്തില്‍ ഞാനുണ്ടായിരുന്നു. അതിന് ശേഷമാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ വന്നത്. അപ്പോഴേ പുതിയ ആളുകളെ വെച്ചാവണം സിനിമ എന്ന ചിന്തയുണ്ടായിരുന്നു. ഫാസില്‍ അന്ന് പുതിയ ആളാണ്, മ്യൂസിക് ഡയറക്ടറും പുതിയ ആളായി.
അഭിനയിക്കുന്നവരും പുതിയ ആളുകളായിരുന്നു. അങ്ങനെ മോഹന്‍ലാലൊക്കെയുള്ളവരെ കാസ്റ്റിങ് ചെയ്യുന്ന സമയത്ത് പ്രധാനപ്പെട്ട ആ ഗ്രൂപ്പിനകത്ത് ഞാനും പങ്കാളിയായി. അസിസ്റ്റന്റാണെങ്കില്‍പ്പോലും അതിനകത്തെ ചര്‍ച്ചകളില്‍ സജീവമായ ഒരു പങ്കാളിത്തം ഉണ്ടായിരുന്നു.
ശങ്കറിന്റെ ഒരു തലൈ രാഗം എന്ന സിനിമ വമ്പന്‍ ഹിറ്റായ സമയമാണ്. അതുകൊണ്ടാണ് ശങ്കര്‍ അതിലേക്ക് വന്നത്. അതുപോലെ പൂര്‍ണിമാ ജയറാമിനെ ബോംബെയില്‍ നിന്ന് കിട്ടിയതാണ്. ലാലിനെ മാത്രമാണ് നമ്മള്‍ കാസ്റ്റിങ്ങിലൂടെ സെലക്റ്റ് ചെയ്തത്. അതിനുശേഷം ആ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കൊടൈക്കനാലിലായിരുന്നു. ആ സിനിമ കഴിഞ്ഞ് വീണ്ടും അവര്‍ മറ്റൊരു വലിയ പ്രൊജക്ടിലേക്ക് നീങ്ങി,’സിബി മലയില്‍ പറയുന്നു.
1980ലാണ് ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായത്. നവോദയ സ്റ്റുഡിയോസിന്റെ ബാനറില്‍ അപ്പച്ചനാണ് ഈ സിനിമ നിര്‍മിച്ചത്. അശോക് കുമാര്‍ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് ജെറി അമല്‍ദേവാണ്.
Content highlight: Sibi Malayil sharing his memories of being a part of the film manjil virinja pookal