മലയാളികള്‍ക്ക് എക്കാലവും നെഞ്ചിലേറ്റാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കോമ്പോയാണ് മോഹന്‍ലാല്‍- സിബി മലയില്‍ എന്നിവരുടേത്. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്. പിന്നീട് ദശരഥം, കിരീടം, ഭരതം, ഉസ്താദ് തുടങ്ങി മികച്ച സിനിമകള്‍ ഇവരിലൂടെ സിനിമാപ്രേമികള്‍ക്ക് ലഭിച്ചു.
മോഹന്‍ലാല്‍- സിബി മലയില്‍ കോമ്പിയില്‍ ഇന്നും വലിയ ഫാന്‍ബേസുള്ള ചിത്രമാണ് സദയം. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പിറന്ന സദയം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു സദയത്തിലേത്. ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍.
വളരെ ഇമോഷണലും അതിലേറെ സങ്കീര്‍ണവുമായ ക്ലൈമാക്‌സാണ് സദയത്തിന്റേതെന്ന് സിബി മലയില്‍ പറഞ്ഞു. മോഹന്‍ലാലിലെ പെര്‍ഫോമന്‍സ് പൂര്‍ണമായും ലഭിക്കാന്‍ ക്ലൈമാക്‌സിനോടടുത്ത രംഗങ്ങള്‍ ഓര്‍ഡറിലാണ് ഷൂട്ട് ചെയ്തതെന്നും ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ നാല് ദിവസം വേണ്ടിവന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആദ്യത്തെ കുട്ടിയെ കൊന്നതിന് ശേഷം രണ്ടാമത്തെ കുട്ടിയെ ആ മുറിയിലേക്ക് കൊണ്ടുവരുന്നുണ്ട്. ആ സമയത്ത് ലാലിന്റെ കഥാപാത്രം എക്‌സ്ട്രീം സൈക്കോയായി മാറുന്നുണ്ട്. അത് എങ്ങനെ സ്‌ക്രീനില്‍ കാണിക്കണമെന്നതിന് എനിക്ക് ചെറിയ ഐഡിയ മാത്രമേയുണ്ടായിരുന്നുള്ളൂ. കിരീടത്തിന്റെ ക്ലൈമാക്‌സില്‍ സേതുമാധവന്‍ എന്ന കഥാപാത്രം കീരിക്കാടനെ കൊല്ലാന്‍ പോകുന്നതിന് മുമ്പ് ചവക്കുന്നതായി കാണിക്കുന്നുണ്ട്. അതിന്റെ ലൈറ്റ് വേര്‍ഷന്‍ മതിയെന്ന് ലാലുവിനോട് ഞാന്‍ പറഞ്ഞു.
അയാള്‍ അതുപോലെ ചെയ്യാമെന്ന് പറഞ്ഞു. ആ കുട്ടിയെ ചേര്‍ത്ത് പിടിക്കുമ്പോള്‍ ലാലിന്റെ ക്ലോസപ്പ് കാണിക്കാനാണ് ഉദ്ദേശിച്ചത്. ഞാന്‍ നോക്കുമ്പോള്‍ അയാളുടെ കണ്ണില്‍ നനവ് കണ്ടു. ആരെങ്കിലും ലാലിന് ഗ്ലിസറിന്‍ കൊടുത്തിട്ടുണ്ടോ എന്ന് സെറ്റിലെ എല്ലാവരോടും ചോദിച്ചു. ലാലിനോട് ചോദിച്ചപ്പോള്‍ ഗ്ലിസറിന്‍ വെച്ചില്ല എന്നായിരുന്നു മറുപടി. ആ ഒരു അവസ്ഥയില്‍ നില്‍ക്കുന്ന ഒരാളുടെ കണ്ണില്‍ ഈര്‍പ്പം വരുമെന്ന് പിന്നീട് ഞാന്‍ അറിഞ്ഞു.
ഇത്തരം കാര്യങ്ങള്‍ അയാളില്‍ നിന്ന് സ്വാഭാവികമായി വരുന്നതാണ്. അതില്‍ നമ്മള്‍ പ്രത്യേകിച്ച് ഒരു നിര്‍ദേശവും കൊടുത്തിട്ട് കാര്യമില്ല. ‘ഈ സീനില്‍ ഇന്ന കാര്യം വേണം’ എന്ന് പറഞ്ഞാല്‍ ലാലില്‍ നിന്ന് അത് കിട്ടണമെന്നില്ല. ആക്ഷന്‍ പറയുമ്പോള്‍ അയാളില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രതീക്ഷിക്കാതെ കിട്ടും. അതെല്ലാം ഒരു മാജിക്കാണ്. അതൊക്കെ ക്യാപ്ചര്‍ ചെയ്യാന്‍ നോക്കിയാല്‍ മതി,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil shares the shooting experience of Sadayam movie climax