| Thursday, 9th October 2025, 5:22 pm

കത്തി വീശി വിജയിക്കുന്ന നായകനെ അവര്‍ ആഗ്രഹിച്ചു; എന്നാല്‍ തോല്‍വിയെ അതിസുന്ദരമായി ലാല്‍ പകര്‍ന്നാടി: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി താന്‍ ചെയ്ത കിരീടം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ലോഹിതദാസിന്റെ തിരക്കഥയില്‍ വന്ന സിനിമ 1989ലാണ് റിലീസ് ചെയ്തത്. മോഹന്‍ലാലിന് പുറമേ ചിത്രത്തില്‍ തിലകന്‍, പാര്‍വതി ജയറാം, കവിയൂര്‍ പൊന്നമ്മ, മോഹന്‍ രാജ്, മുരളി, എന്നിവര്‍ അഭിനയിച്ചിരുന്നു.

കിരീടം സിനിമയുടെ കാര്യത്തില്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും ഉള്‍പ്പെടെ ആശങ്കകളുണ്ടായിരുന്നുവെന്ന് സിബി മലയില്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്ലൈമാക്‌സില്‍ കത്തി വീശി വിജയിക്കുന്ന പരാക്രമിയായ നായകനെയാണ് അവര്‍ ആഗ്രഹിച്ചത്. ലോഹി ആ നിര്‍ദേശങ്ങളെ ധൈര്യപൂര്‍വം നിരസിച്ചു. തിരുത്ത് സാധ്യമായി. തോല്‍വിയെ അതിസുന്ദരമായി ലാല്‍ പകര്‍ന്നാടി. തോല്‍വിയുടെ സൗന്ദര്യം ഇതിലും മനോഹരമായി ആവിഷ്‌കരിക്കാന്‍ മറ്റാര്‍ക്ക് സാധിക്കും.

ചെങ്കോലില്‍ ഒരു കൊച്ചു പയ്യന്റെ കൈയിലെ കത്തിത്തുമ്പിലാണ് നായകന്റെ അന്ത്യം. ദശരഥത്തിലെ നായകനും തോല്‍വി സമ്പാദിച്ചയാളാണ്. കരച്ചിലോ ചിരിയോ എന്ന് വെളിവാക്കാനാവാത്തൊരു ക്ലോസപ് ഷോട്ടില്‍ ദശരഥം അവസാനിപ്പിക്കാന്‍ എനിക്ക് ധൈര്യം വന്നത് മോഹന്‍ലാല്‍ എന്ന നടനില്‍ എനിക്കുണ്ടായ വിശ്വാസം കൊണ്ടുമാത്രമാണ്,’ സിബി മലയില്‍ പറയുന്നു.

ഒരു സംവിധായകനെ സംബന്ധിച്ച് വരാന്‍ പോകുന്ന ഷോട്ടിനെപ്പറ്റി ഏതറ്റം വരെയും സങ്കല്പിക്കാന്‍ അവസരം തരുന്ന നടനാണ് മോഹന്‍ലാലെന്നും അഭിനയത്തിന്റെ അത്രയധികം അനര്‍ഘ നിമിഷങ്ങളുടെ ആകെത്തുകയാണ് തനിക്ക് മോഹന്‍ലാലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ്മയിപ്പിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ മോഹന്‍ലാലില്‍ നിന്നുണ്ടായിട്ടുണ്ടെന്നും സിബി മലയില്‍ പറഞ്ഞു.

Content highlight: Sibi Malayil is talking about the film Kireedam, and mohanlal 

We use cookies to give you the best possible experience. Learn more