| Tuesday, 7th October 2025, 7:27 am

മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്ന്; അംഗീകരിക്കപ്പെടാതെ പോയപ്പോള്‍ വിഷമം തോന്നി: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിലുണ്ട്. സദയം, കിരീടം തുടങ്ങി ഇനിയും ലിസ്റ്റ് നീളും. മോഹന്‍ലാല്‍ എന്ന നടന്റെ യാത്ര തുടക്കം മുതല്‍ കണ്ട സംവിധായകരിലൊരാള്‍ കൂടിയാണ് സിബി മലയില്‍.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍  നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ചും സദയം സിനിമയിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചും സംസാരിക്കുകയാണ് സിബി മലയില്‍.

‘വൈകാരിക തീവ്രതകൊണ്ട് മോഹന്‍ലാല്‍ അമ്പരപ്പിച്ച ഒരുപാട് രംഗങ്ങള്‍ സദയത്തിലുണ്ട്. ആ സിനിമ അംഗീകരിക്കപ്പെടാതെ പോയതില്‍ എനിക്ക് വിഷമമുണ്ട്. സദയത്തില്‍ വധശിക്ഷ മാറ്റി വെച്ച വിവരം അറിയുന്ന ലാല്‍, ജനലഴികള്‍ക്കുള്ളിലൂടെയാണ് അയാളുടെ മുഖം കാണുന്നത്. സന്തോഷം കൊണ്ട് കരയുകയാണ് അയാള്‍. അഴികളില്‍ പിടിച്ച് കരഞ്ഞ് കൊണ്ട് അയാള്‍ നിലത്തിരിക്കുന്നു.

ക്ലോസപ് ഷോട്ടില്‍ ലാലിന്റെ മുഖവും അതില്‍ വിരിയുന്ന ഭാവങ്ങളുമല്ലാതെ മറ്റൊന്നും ആ രംഗത്തിലില്ല. സദയം, മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു. അത് അംഗീകരിക്കപ്പെടാതെ പോയപ്പോള്‍ വിഷമം തോന്നി,’ സിബി മലയില്‍ പറയുന്നു.

ദശരഥവും പരിഗണിക്കപ്പെടാതെ പോയെന്നും 1989 മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ പിറന്ന വര്‍ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ആ അഭിനയ മികവ് എവിടെയും അംഗീകരിക്കപ്പെടാതെ പോയെന്നും തൊട്ടടുത്തവര്‍ഷം ഭരതത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലാല്‍ സ്വന്തമാക്കിയെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

‘അതുവരേക്കുള്ള തിരസ്‌കാരങ്ങളില്‍ ആകുലപ്പെടുന്ന ലാലിനെയോ കൈവന്ന നേട്ടത്തില്‍ അതിരറ്റ് സന്തോഷിക്കുന്ന ലാലിനെയോ എനിക്ക് പരിചയമില്ല. അയാളുടെ കരിയറിലും ഇടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങളും പഴികളും ലാലിനും കേള്‍ ക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ, എത്ര ശക്തമായാണ് ഓരോതവണയും അയാള്‍ തിരിച്ചുവന്നിട്ടുള്ളത്,’ സിബി മലയില്‍ പറയുന്നു

Content highlight: Sibi Malayil is talking about Mohanlal and his performance in the movie Sadayam

We use cookies to give you the best possible experience. Learn more