| Tuesday, 9th September 2025, 10:04 pm

കഥാപാത്രത്തെക്കുറിച്ച് ചെറിയൊരു ഐഡിയ പറഞ്ഞുകൊടുത്താല്‍ മോഹന്‍ലാല്‍ ബാക്കി ചെയ്‌തോളും, പക്ഷേ മമ്മൂട്ടി അങ്ങനെയല്ല: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സിബി മലയില്‍. മുത്താരംകുന്ന് പി.ഒയില്‍ ആരംഭിച്ച സിബി മലയിലിന്റെ സംവിധാനജീവിതം പിന്നീട് നിരവധി ഹിറ്റുകളൊരുക്കി. ആകാശദൂത്, ഭരതം, കിരീടം, തനിയാവര്‍ത്തനം, ദശരഥം തുടങ്ങി ക്ലാസിക് ചിത്രങ്ങള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

മലയാളസിനിമയുടെ അഭിമാനമായ മമ്മൂട്ടിയോടൊപ്പവും മോഹന്‍ലാലിനൊപ്പവും നിരവധി ഹിറ്റ് ചിത്രങ്ങള്‍ സിബി മലയില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് പേരോടൊപ്പവും വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സിബി മലയില്‍. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുപേരും സിനിമയെ സമീപിക്കുന്ന രീതി വ്യത്യസ്തമാണെന്ന് സിബി മലയില്‍ പറയുന്നു.

‘മോഹന്‍ലാലിന്റെ കാര്യമെടുത്താല്‍ അയാള്‍ സിനിമയെ അപ്പ്രോച്ച് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. ഉദഹാരണത്തിന് ദശരഥം എന്ന സിനിമയെടുക്കാം. ആ പടത്തിന്റെ കഥ ഞാനും ലോഹിയും ആലോചിച്ച സമയത്ത് തന്നെ ലാലിനോട് പറഞ്ഞു. ജസ്റ്റ് ഒരു വണ്‍ലൈന്‍ മാത്രമായിരുന്നു പറഞ്ഞത്. പിന്നീട് ഷൂട്ടിന്റെ സമയത്താണ് അയാളെ കണ്ടത്. അപ്പോഴും സ്‌ക്രിപ്റ്റ് കംപ്ലീറ്റായിട്ടുണ്ടായിരുന്നില്ല.

‘നമ്മള്‍ ഈ പരിപാടി എങ്ങനെയാണ് ചെയ്യാന്‍ പോകുന്നത്’ എന്ന് ലാല്‍ ചോദിച്ചു. ഞാനും ലാലും മുമ്പ് ചെയ്ത പടത്തിന്റെ പ്രൊഡ്യൂസറായി ഒരു പുള്ളിയുണ്ട്. അയാള്‍ക്ക് എല്ലാ കാര്യം ചെയ്യുമ്പോഴും സംശയമാണ്. ഞാനും ലാലുമൊക്കെ ഒരു മുറിയിലിരുന്ന് സംസാരിക്കുമ്പോള്‍ അയാള്‍ കയറിവരും. എന്നിട്ട് എവിടെയിരിക്കണമെന്ന് പുള്ളിക്ക് കണ്‍ഫ്യൂഷനാണ്. ആ ഒരു രീതിയില്‍ ക്യാരക്ടറിനെ പ്രസന്റ് ചെയ്യാന്‍ ലാലിനോട് പറഞ്ഞു. ലാല്‍ പടം മുഴുവന്‍ ആ ഒരു രീതി ഫോളോ ചെയ്തു,’ സിബി മലയില്‍ പറഞ്ഞു.

സിനിമയില്‍ താന്‍ അതുപോലൊരു രംഗം ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പാട്ടിന്റെ ഇടയില്‍ എവിടെയിരിക്കണമെന്ന കാര്യത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം സംശയിക്കുന്നുണ്ടെന്നും ഒടുവില്‍ സുകുമാരി കസേര മാറ്റുമ്പോള്‍ മോഹന്‍ലാല്‍ വീഴുന്ന രംഗമുണ്ടെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. കഥാപാത്രത്തെക്കുറിച്ച് ചെറിയ ഐഡിയ കൊടുത്താല്‍ മോഹന്‍ലാല്‍ ബാക്കി നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.

‘പക്ഷേ മമ്മൂട്ടി അങ്ങനെയല്ല. പുള്ളി ഈ സിനിമ ചെയ്യുമ്പോള്‍ തന്നെ അടുത്ത സിനിമയെക്കുറിച്ച് ചിന്തിക്കും. നമ്മള്‍ കഥ മുഴുവന്‍ പറഞ്ഞാലും ഇടക്ക് ഓരോ സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. രണ്ടുപേരുടെയും രീതി നല്ലതാണ്. ഒന്നും മോശമാണെന്ന അഭിപ്രായം എനിക്കില്ല. അതേ രീതി ഇപ്പോഴും ഫോളോ ചെയ്യുന്നതുകൊണ്ടാണ് രണ്ടുപേരും ഇപ്പോഴും തിളങ്ങിനില്‍ക്കുന്നത്,’ സിബി മലയില്‍ പറയുന്നു.

Content Highlight: Sibi Malayil about the difference between Mammootty and Mohanlal

We use cookies to give you the best possible experience. Learn more