മലയാളസിനിമയിലെ മികച്ച ഇമോഷണൽ ക്ലൈമാക്സുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളിലൊന്നാണ് 1987-ൽ സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ തനിയാവർത്തനം. പ്രശസ്ത തിരക്കഥാകൃത്ത് എ.കെ. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച ചിത്രം എന്ന സവിശേഷത കൂടി ഈ സിനിമയ്ക്കുണ്ട്. കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളിൽപ്പെട്ടുഴലുന്ന ബാലൻ മാഷ് എന്ന കേന്ദ്രകഥാപാത്രമായി എത്തിയ മമ്മൂട്ടിയിലൂടെ, പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളാണ് ചിത്രം നമുക്ക് മുന്നിൽ വരച്ചിടുന്നത്.
സിബി മലയിൽ.photo.screen grab/youtube
മാനസിക വിഭ്രാന്തി പോലുള്ള വൈകാരിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റ് സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ, ആ കാലത്ത് തന്നെ മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ സിബി മലയിൽ. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോഹിയുടെ മകനുമായി സംസാരിച്ചപ്പോൾ അവൻ പറഞ്ഞത് , ഒരു ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ലോഹി ഭയങ്കരമായി ഇരുന്ന് കരയുകയാണ്. എന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആ ബാലൻ മാഷ് പാവമായിരുന്നു എന്നാണ്. അത്രമാത്രം ആ കഥാപാത്രത്തെ ഉള്ളിൽ കൊണ്ടുനടന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം.
സിനിമയിലെ ഏറ്റവും വൈകാരികമായ ഒരു രംഗമാണ് മകനെ ഒരു ഭ്രാന്തൻ എന്ന് മുദ്രകുത്തി സമൂഹം കളിയാക്കുന്നത് കാണാനാകാതെ, ബാലൻ മാഷിന്റെ അമ്മ ചോറിൽ വിഷം കലർത്തി നൽകുന്നത്. ആ സീനിൽ, അവൻ കുഞ്ഞായിരിക്കുമ്പോൾ അമ്മ സ്നേഹത്തോടെ ചോറ് വാരി കൊടുക്കുന്ന ആ വിഷ്വൽസ് ഒക്കെ എന്റെ ഐഡിയ ആയിരുന്നു, ലോഹി എഴുതിയിട്ടുണ്ടായിരുന്നില്ല. അമ്മ ചോറ് വാരി കൊടുക്കുമ്പോൾ അമ്മയുടെ ഉള്ളിലൂടെ കടന്നുപോയേക്കാവുന്ന ചിന്തകൾ എന്ന രീതിയിലായിരുന്നു അത് ഉൾപ്പെടുത്തിയത്. ആ ഒരു സീനൊക്കെ പിന്നീട് സിനിമയ്ക്ക് കൂടുതൽ ഇംപാക്ട് നൽകിയെന്ന് ആളുകൾ പറഞ്ഞിരുന്നു’.
സിനിമയ്ക്ക് ശേഷം ലോഹിയെപ്പോലെ ഞാൻ പിന്നെ ബാലൻ മാഷിനെ കൊണ്ടുനടന്നിട്ടൊന്നുമില്ല. കാരണം, ലോഹിയായിരുന്നു ആ കഥ അനുഭവിച്ചത്. ലോഹിയാണ് അവരെ പ്രസവിച്ചത് അല്ലെങ്കിൽ സൃഷ്ടിച്ചത്. ഞാൻ ഇതിന്റെ ഒരു പരിഭാഷകൻ മാത്രമാണ്. എന്റെ മുന്നിൽ ഒരാൾ പറയുന്ന കഥയെ ഞാൻ ക്യാമറയിലൂടെ കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഞാൻ എഴുതാത്തതിന്റെ കാരണവും അതുതന്നെയാണ്. അത് എന്റെ മീഡിയമല്ല, വിഷ്വൽ ആണ് എന്റെ മീഡിയം. അതുകൊണ്ട് കഥാപാത്രങ്ങളെ ഞാൻ അങ്ങനെ ഉള്ളിൽ ഒരു ഭാരമായി കൊണ്ടുനടക്കാറില്ല,’ സിബി മലയിൽ പറഞ്ഞു.
തനിയാവർത്തനം.photo.screen grab/youtube