| Thursday, 11th February 2016, 12:54 pm

സിയാച്ചിനില്‍ നിന്നും രക്ഷപ്പെടുത്തിയ ലാന്‍സ് നായിക്ക് ഹനുമന്തപ്പ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  സിയാച്ചിനില്‍ നിന്നും രക്ഷപ്പെട്ട ലാന്‍സ് നായിക്ക് ഹനുമന്തപ്പ മരിച്ചു. ദല്‍ഹി സൈനിക ആശുപത്രിയില്‍ രാവിലെ 11:45 ഓടെയായിരുന്നു അന്ത്യം. കരളും വൃക്കയും പ്രവര്‍ത്തനരഹിതമായതും ന്യൂമോണിയ ഗുരുതരമായതുമാണ് ഹനുമന്തപ്പയുടെ ആരോഗ്യസ്ഥിതി വഷളാവാന്‍ കാരണം. ജവാന്‍ കോമയിലായതായി രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയിലെ ധാര്‍വാഡ് സ്വദേശിയാണ് ഹനുമന്തപ്പ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജവാനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കരസേന മേധാവിയും എത്തിയിരുന്നു.

ഹിമപാതത്തില്‍ കുടുങ്ങിയ ഹനുമന്തപ്പയെ ആറു ദിവസങ്ങള്‍ക്ക് ശേഷമാണ് രക്ഷപ്പെടുത്തിയിരുന്നത്. 20,500 അടി ഉയരത്തില്‍ സിയാച്ചിനിലെ മഞ്ഞുമലയ്ക്കുള്ളില്‍ കഴിഞ്ഞതിനാല്‍ ജവാന്റെ ശരീരം വളരെയധികം നിര്‍ജലീകരിക്കപ്പെട്ടുവെന്നും മഞ്ഞിനടിയില്‍ രൂപപ്പെട്ട വായു അറയില്‍ കുടുങ്ങിപോയതിനാലാണ് ഹനുമന്തപ്പയ്ക്ക് ഇത്ര ദിവസം പിടിച്ചു നില്‍ക്കാന്‍ സാധിച്ചതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫെബ്രുവരി 3നാണ് അപകടമുണ്ടായിരുന്നത്. 800 അടി നീളവും 400 വീതി അടി വീതിയുമുള്ള കൂറ്റന്‍ മഞ്ഞുകട്ട സൈനിക പോസ്റ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പെട്ട മറ്റു ഒമ്പത് സൈനികരും മരണപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more