ശ്രീനഗര്‍: ജമ്മു കശ്മീര്‍ പത്രമായ ‘കശ്മീര്‍ ടൈംസി’ന്റെ ആസ്ഥാനത്ത് റെയ്ഡ്. ജമ്മു കശ്മീര്‍ പൊലീസിന്റെ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്.ഐ.എ)യുടേതാണ് നടപടി. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരവും പൊതുസമാധാനത്തിന് ഭീഷണിയുമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് റെയ്ഡ്.
നിയമവിരുദ്ധ നിയമത്തിലെ സെക്ഷന്‍ 13 പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരമാണ് റെയ്ഡ് നടത്തിയത്. ഇന്ന് (വ്യാഴം) പുലര്‍ച്ചയോടെ കശ്മീര്‍ ടൈംസിന്റെ രണ്ടുനില കെട്ടിടത്തിലാണ് റെയ്ഡ് നടന്നത്.
പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ഓഫീസ് രേഖകളും ലാപ്‌ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും വിശദമായി പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റെയ്ഡ്.
കശ്മീരിലെ ഏറ്റവും പഴക്കമുള്ള പത്രമാണ് കശ്മീര്‍ ടൈംസ്. 1954ല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വേദ് ഭാസിനാണ് കശ്മീര്‍ ടൈംസ് ആരംഭിച്ചത്. ഭാസിന്റെ മകള്‍ അനുരാധ ഭാസിനാണ് പത്രത്തിന്റെ നിലവിലെ എഡിറ്റര്‍.
2020ല്‍ ശ്രീനഗറിലുള്ള കശ്മീര്‍ ടൈംസിന്റെ ഓഫീസ് സീല്‍ ചെയ്തിരുന്നു. കുറച്ച് കാലങ്ങളായി പത്രത്തിന്റെ വെബ്‌സൈറ്റിലാണ് കശ്മീര്‍ ടൈംസ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. അനുരാധയുടെ പങ്കാളി പ്രബോധ് ജാംവാളാണ് കശ്മീര്‍ ടൈംസിന്റെ ഓണ്‍ലൈന്‍ എഡിറ്റര്‍.
Content Highlight: SIA raids Kashmir Times office in Jammu