| Sunday, 19th December 2021, 11:37 am

സിവില്‍ തര്‍ക്കത്തില്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാക്കള്‍ക്ക് മര്‍ദനം; ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാവേലിക്കര: സിവില്‍ തര്‍ക്കത്തില്‍ നൂറനാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഹോദരങ്ങള്‍ക്ക് നേരെ എസ്.ഐയുടെ അസഭ്യവര്‍ഷവും മര്‍ദനവും. പൊലീസിനെതിരെ പരാതിയുമായി കോട്ടയം സ്വദേശികളായ ഷാന്‍മോന്‍, സജിന്‍ റജീബ് എന്നിവരാണ് രംഗത്തെത്തിയത്.

എസ്.ഐക്കെതിരെയും മറ്റ് നാല് പൊലീസുകാര്‍ക്കുമെതിരെയാണ് പരാതി ഉന്നയിരിക്കുന്നത്. എസ്.ഐയെ കയ്യേറ്റം ചെയ്‌തെന്ന പേരില്‍ പിന്നീട് ഇവരെ കള്ളക്കേസിലും കുടുക്കിയെന്നും പരാതിയുണ്ട്.

സ്റ്റേഷനില്‍ നടന്ന പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും ശബ്ദരേഖയും പുറത്തായിട്ടുണ്ട്. ഫര്‍ണിച്ചര്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് യുവാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അതിലൊരാള്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയെങ്കിലും റെക്കോര്‍ഡിംഗ് ഓഫ് ചെയ്തിരുന്നില്ല.

മര്‍ദന ദൃശ്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തുവെന്ന് അറിഞ്ഞ ശേഷവും പൊലീസ് ഇവരെ പ്രതിയാക്കാന്‍ നടത്തിയ ഗൂഢാലോചനയും ഫോണില്‍ പതിഞ്ഞിട്ടുണ്ട്.

മര്‍ദിക്കരുതെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും യുവാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊലീസ് അതിന് തയ്യാറാവുന്നില്ല. തന്റെ ചെവി വേദനിക്കുന്നുവെന്ന് പറഞ്ഞ് യുവാക്കളിലൊരാള്‍ കരയുന്നതും കേള്‍ക്കാം.

പൊലീസ് അതിക്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സഹോദരങ്ങള്‍. ഇവര്‍ നല്‍കിയ ഹരജി കോടതി നാളെ പരിഗണിക്കും. അതേസമയം, പ്രതികള്‍ അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്‌തെന്നുമുള്ള വാദത്തിലാണ് നൂറനാട് പൊലീസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: SI indecent assault and harassment on brothers summoned to Nooranad station in civil dispute

We use cookies to give you the best possible experience. Learn more