| Thursday, 19th March 2026, 10:05 pm

അമ്മ മരിച്ചത് ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുമ്പോഴാണ്; അമ്മയുടെ ചുമലിലായിരുന്നു ഏറിയപങ്കും വീട്: ശ്യാമപ്രസാദ്

ഐറിന്‍ മരിയ ആന്റണി

മലയാളത്തിന് നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ശ്യാമപ്രസാദ്. കല്ല് കൊണ്ടൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. അരികെ, ഒരേ കടല്‍, ഋതു തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം, നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ച ശ്യാമപ്രസാദ് ഇപ്പോള്‍ തന്റെ സര്‍ഗാത്മക ജീവിതത്തിലെ കുടുബത്തിന്റെ പങ്കിനെ കുറിച്ച് മനസ് തുറക്കുന്നു. ‘അഗ്‌നിസാക്ഷി’യുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നടന്ന് കൊണ്ടിരിക്കുമ്പോഴാണ് അമ്മ മരിച്ചതെന്ന് അദ്ദേഹം പറയുന്നു.

‘അമ്മ ഡോക്ടറായിരുന്നു, അതുപോലെ വലിയ സംഗീത പ്രിയയായിരുന്നു. പണ്ട് ഫിഡിലൊക്കെ വായിക്കുമായിരുന്നു. മദ്രാസിലാണ് അമ്മ പഠിച്ചതൊക്കെ. അതുകൊണ്ട് ‘പൊന്നിയില്‍ സെല്‍വന്‍’ ഉള്‍പ്പെടെയുള്ള തമിഴ് കഥകളാണ് കുട്ടിക്കാലത്ത് പറഞ്ഞ് തന്നതൊക്കെ. തമിഴ് സിനിമകളോടായിരുന്നു അമ്മയ്ക്ക് ഇഷ്ടം.

അച്ഛന്‍ വക്കീലായിരുന്നെങ്കിലും പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിലായിരുന്നു എപ്പോഴും സാഹിത്യത്തെ കുറിച്ചോ കലാ സാംസ്‌കാരികമായിട്ടുള്ള കാര്യങ്ങളെക്കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ അച്ഛനും എനിക്കും ഇടയില്‍ ഉണ്ടാകാറില്ല. അടിയന്തിരാവസ്ഥ കാലത്തൊക്കെ അച്ഛന്‍ ജയിലിലായിരുന്നു. അമ്മയുടെ ചുമലിലായിരുന്നു ഏറിയപങ്കും വീട്. എനിക്കൊരു സഹോദരനുണ്ട്.

സഹോദരന്റെ യാത്ര കലയുടെ വഴിയായിരുന്നില്ലെന്നും ദൂരദര്‍ശനില്‍ ജോലി ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് താന്‍ ഷീബയെ (പങ്കാളി) പരിചയപ്പെടുന്നതെന്നും ശ്യാമപ്രസാദ് പറഞ്ഞു.

അവിടെ പാര്‍ട് ടൈം അനൗണ്‍സര്‍ ആയിരുന്നു ഷീബയെന്നും ആ ബന്ധം വിവാഹത്തില്‍ കലാശിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ എന്ന സൃഷ്ടിക്ക് പിന്നിലെ ഓരോ ഘട്ടങ്ങളും അറിയാവുന്നത് കൊണ്ട് സിനിമയെ സിനിമയായി മാത്രമായല്ല ഷീബ കാണാറുള്ളതെന്നും ശ്യാമപ്രസാദ് പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ അരികേ എന്ന ഷോര്‍ട് ഫിലിമില്‍ ശ്യാമപ്രസാദ് അഭിനയിച്ചിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യറാണ് നായികയായെത്തിയത്.

Content Highlight: Shyamaprasad talks about his family

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more