| Friday, 20th March 2026, 2:30 pm

ആ പുസ്തകം സിനിമയാക്കണമെന്ന് ആഗ്രഹിച്ചു; പിന്നീട് ചെയ്യാതിരുന്നത് നന്നായെന്ന് തോന്നി: ശ്യാമപ്രസാദ്

ഐറിന്‍ മരിയ ആന്റണി

മലയാള സിനിമയിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള സംവിധായകനാണ് ശ്യാമപ്രസാദ്. കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം തുടര്‍ന്ന് അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഋതു, അരികേ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തിലെ പല സൂപ്പര്‍ താരങ്ങളുടെയും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് പലതും ശ്യാമപ്രസാദിന്റെ സിനിമകളിലൂടെ പിറന്നതാണ്.

ശ്യാമപ്രസാദിന്റെ അരികേ, ഒരേ കടല്‍ തുടങ്ങി മിക്ക സിനിമകളും കഥകളോ നോവലുകളോ അടിസ്ഥാനമാക്കി ഒരുക്കിയതാണ്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ സിനിമയാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘അങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, സാങ്കേതികമായ ചില കാരണങ്ങളാല്‍ അത് നടന്നില്ല. ഒ.വി. വിജയന്റെ മരണ ശേഷം പുസ്തകത്തിന്റെ അവകാശ വുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളായിരുന്നു അതിന് കാരണം. പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം ആലോചിച്ച് നോക്കുമ്പോള്‍ അന്ന് അത് ചെയ്യാതിരുന്നത് നന്നായി എന്നുകൂടി തോന്നുന്നുണ്ട്.

ഫിലിം മേക്കിങ്ങിന്റെ സാധ്യതകളൊക്കെ ഒരുപാട് മാറി. ഞാന്‍ തന്നെ ഇപ്പോള്‍ ഖസാക്കിനെ കാണുന്നത് മറ്റൊരു കോണിലാണ്. വിക്ടോറിയ കോളേജില്‍ എന്റെ അച്ഛന്റെ സമകാലികനും കുടുംബ സുഹൃത്തും ആയിരുന്നു ഒ.വി.വിജയന്‍. ഖസാക്കിന്റെ പാലക്കാടന്‍ ഭൂമികയും അതിലെ മനുഷ്യരുടെ സംസാരഭാഷയുമൊക്കെ എനിക്ക് അത്രയധികം അടുത്തറിയാവുന്നതാണ്,’ ശ്യാമപ്രസാദ് പറയുന്നു.

തന്റെ സിനിമകളില്‍ സാഹിത്യത്തിന്റെ സ്പര്‍ശനമുണ്ടാകാന്‍ കാരണം ഡ്രാമാ സ്‌കൂള്‍ കാലത്തെ വായനയാണെന്നും ടെന്നസി വില്യംസിന്റെ ‘ഗ്ലാസ് മെനാജറി’യില്‍ നിന്നാണ് ‘അകലെ’ എന്ന സിനിമ ഉണ്ടാകുന്നതെന്നും സുനില്‍ ഗംഗോപാധ്യായുടെ നോവലുകളില്‍ നിന്നാണ് ഒരേ കടലും അരികെയും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പതിതോഷ് ഉത്തമിന്റെ ‘ഡ്രീംസ് പ്രഷ്യന്‍ ബ്ലൂവാണ് ‘ആര്‍ട്ടിസ്റ്റ് എന്ന സിനിമയ്ക്ക് ആധാരമെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു. ആ കഥകളൊക്കെ ഇഷ്ടപ്പെട്ട് വായിച്ചുപോയതാണെന്നും പിന്നെയെപ്പോഴോ വായന യ്ക്ക് പുസ്തകം തിരയുമ്പോള്‍ സിനിമ എന്ന ദുരുദ്ദേശം മനസിലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

-Content Highlight: Shyama Prasad talks about making books into movies

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more