| Wednesday, 19th November 2025, 12:11 pm

ഇത് ശാസ്ത്ര ലേഖനമൊന്നുമല്ലല്ലോ വ്യാഖ്യാനിച്ച് മനസിലാക്കാന്‍: സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ കുറിച്ച് ശ്യാമപ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാമപ്രസാദിനെയും മഞ്ജു വാര്യറെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്നോ ഷോര്‍ട് ഫിലിം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും, സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടിവന്നു.

റീലില്‍ ഒതുക്കേണ്ട കണ്ടന്റിനെ 21മിനിട്ട് വലിച്ചു നീട്ടിയെന്നും രഞ്ജിത്ത് സംവിധാനം ചെയ്ത ബക്കാര്‍ഡിയുടെ പരസ്യ ചിത്രമാണോ ഇതെന്ന വിമര്‍ശനങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ മലയാള മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ വിയോജിപ്പുകളെ കുറിച്ച് ശ്യാമപ്രസാദ് സംസാരിക്കുന്നു.

ഒരോ കലാസൃഷ്ട്ടിയും ഒരോരുത്തരിലും ഒരോ വികാരമാണ് ഉണ്ടാക്കുകയെന്നും അതില്‍ ആരും ആരോടും തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഒരു കലാസൃഷ്ടി ബൗദ്ധികമായി മനസിലാക്കുക എന്നതിനേക്കാള്‍ ആസ്വദിക്കാനും അനുഭവിക്കാനുമാണ് അത് നമ്മളോട് ആവശ്യപ്പെടുന്നതെന്നും പല ദൃശ്യസ്രാവ്യ പ്രേരണകളിലൂടെ അത് അനുഭവിക്കാനാണ് ഒരോ ചിത്രവും നമ്മെ പ്രേരിപ്പിക്കുന്നതെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.

‘അല്ലാതെ ഇതൊരു ശാസ്ത്രലേഖനമൊന്നുമല്ലല്ലോ വ്യാഖ്യാനിച്ച് മനസിലാക്കാന്‍. ചിലപ്പോഴൊക്കെ നമുക്ക് എക്‌സ്‌പ്ലെയ്ന്‍ ചെയ്യാനാകാത്ത അനുഭവങ്ങളുണ്ട് ജീവിതത്തില്‍. അവിടെ വളരെ റിയലസ്റ്റിക്കായിട്ടും ലോജിക്കലുമായിട്ടൊക്കെ അനലൈസ് ചെയ്യാതെ ഇരിക്കുന്നതാണ് ഭേദം എന്ന് തോന്നുന്നു. നിരന്തരം മദ്യപിക്കുകയും ഏകാന്ത ജീവിതം നയിക്കുകയും ചെയ്യുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റുമുണ്ട്.

ജീവിതത്തില്‍ ഏകാന്തതയെ നേരിടാന്‍ അവര്‍ക്ക് വേറെ വഴി കണ്ടെത്താന്‍ ആകില്ല. അങ്ങനെ ജീവിക്കുന്നത് ശരിയാണോ തെറ്റാണോ എന്നത് വേറെ കാര്യം. പക്ഷേ അങ്ങനെയുള്ളവരും നമുക്കിടയിലുണ്ട്,’ ശ്യാമപ്രസാദ് പറയുന്നു.

അവരുടെ ജീവിതത്തിനും നിസഹായതയുടെ ഒരു തലമുണ്ടെന്നും അവരുടെ കഥകളും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. അവരോടും നമ്മള്‍ അനുഭാവമുള്ളവരായിരിക്കണമെന്നാണ് ഈ കഥയുടെ സദാചാരവശത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരോട് തനിക്ക് പറയാനുള്ളതെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.

ഐ.എഫ്.എഫ്.കെ ബാഗില്‍ നിന്ന് മദ്യം എടുക്കാനുള്ള ആശയവും തീരമുമാനവും എന്തായിരുന്നുവെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

ഈ ചിത്രത്തിലെ ഒരോ മുഹൂര്‍ത്തവും അതിന്റെ വിശദാംശങ്ങളും എല്ലാം സംവിധായകന്റെ തീരുമാനം ആയിരുന്നുവെന്നും അതുകൊണ്ട് ആ ചോദ്യത്തിന് മറുപടി പറയേണ്ടതും അദ്ദേഹമാണെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.

Content highlight; Shyama Prasad on the criticism against the short film ‘Aaro’

We use cookies to give you the best possible experience. Learn more