മലയാളത്തിലെ പ്രമുഖ സംവിധായകരിലൊരാളാണ് ശ്യാമപ്രസാദ്. കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം തുടര്‍ന്ന് അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഋതു തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തിലെ പല സൂപ്പര്‍ താരങ്ങളുടെയും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് പലതും ശ്യാമപ്രസാദിന്റെ സിനിമകളിലൂടെ പിറന്നതാണ്.
സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള ശ്യാമപ്രസാദ് ഇപ്പോള്‍ സിനിമയിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെ കുറിച്ച് സംസാരിക്കുകയാണ്. കല ഓരോ കാലത്തിന്റെയും പ്രതിഫലനം കൂടിയാണെന്നും എമ്പതി അഥവാ സഹാനുഭൂതി എല്ലാ കലയിലും അടിസ്ഥാനപരമായി ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
‘പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് നമ്മുടെ സൃഷ്ടിയുടെ ആത്മാവില്‍ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. പൊളിറ്റിക്കലി കറക്റ്റ് അല്ലാതെ പെരുമാറുന്ന ആളുകളും സമൂഹത്തിലുണ്ട്. പക്ഷേ, കല ആ പെരുമാറ്റ രീതിയെ ന്യായീകരിക്കുകയാണോ അതോ അതിനെ വിമര്‍ശനാത്മകമായി സമീപിക്കുകയാണോ ചെയ്യുന്നതെന്നതാണ് പ്രധാനം.
സ്വന്തം ചിത്രങ്ങളില്‍ വലിയ താരങ്ങളില്‍ നിന്നുള്ള സ്ത്രീവിരുദ്ധമായ നിലപാടുകള്‍ ഒരു വലിയ സമൂഹ ത്തെ സ്വാധീനിക്കുന്നുണ്ട്. സിനിമയില്‍ വളരെ കാഷ്വല്‍ ആയിട്ടും തമാശയ്ക്കു വേണ്ടിയും അവതരിപ്പിക്കപ്പെടുന്ന സ്ത്രീവിരുദ്ധത സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. അതെല്ലാം അനുവദനീയമാണെന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ട്,’ ശ്യാമപ്രസാദ് പറയുന്നു.
സാമൂഹികമായ ഉത്തരവാദിത്വം കലയ്ക്കും കലാകാരന്മാര്‍ക്കുമുണ്ടെന്നും ശ്രദ്ധക്കുറവ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടാവാമെന്നും ശ്യാമപ്രസാദ് പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന നിലപാട് പിന്‍പറ്റുന്നവരുടെ കൂടെയാണ് താന്‍ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കമ്പനി അവതരിപ്പിച്ച ആരോ എന്ന ഷോര്‍ട് ഫിലിമില്‍ ശ്യാമപ്രസാദ് പ്രധാനവേഷത്തിലെത്തിയിരുന്നു. മഞ്ജു വാര്യരാണ് ഷോര്‍ട് ഫിലിമില്‍ നായികയായെത്തിയത്.
Content Highlight: Shyama Prasad on political correctness in cinema