ദിലീഷ് നായര്‍ക്കൊപ്പം സോള്‍ട്ട് ആന്‍ഡ് പെപ്പറിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ശ്യാം പുഷ്‌കരന്‍.പിന്നീട് 22 ഫീമെയില്‍ കോട്ടയം, ടാ തടിയാ, ഇയോബിന്റെ പുസ്തകം, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി സിനിമകളില്‍ സഹ തിരക്കഥാകൃത്തായി ശ്യാം പുഷ്‌കരന്‍ തിളങ്ങി. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ശ്യാം സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയത്.
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്‌കരന്‍ സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്‌സ്, ജോജി തുടങ്ങിയ ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥയൊരുക്കി. നിര്‍മാണരംഗത്ത് തന്റെ സാന്നിധ്യമറിയിച്ച അദ്ദേഹം പ്രേമലുവിലൂടെ അഭിനയത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
റിയലിസ്റ്റിക് സിനിമകളെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിക്കുന്ന പദപ്രയോഗമാണ് പ്രകൃതി സിനിമകള്‍. ശ്യാം പുഷ്‌കരനെ അത്തരം സിനിമകളുടെ ബ്രാന്‍ഡ് അംബാസഡറായാണ് പലരും കണക്കാക്കുന്നത്. ഇപ്പോഴിതാ പ്രകൃതി സിനിമകള്‍ക്ക് ശ്യാം പുഷ്‌കരന്‍ തത്കാലം വിട പറയുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
കമല്‍ ഹാസന്‍ നായകനാകുന്ന ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലറില്‍ ശ്യാം പുഷ്‌കരനും സഹ തിരക്കഥാകൃത്തായി ജോയിന്‍ ചെയ്തു. ഇന്ത്യന്‍ സിനിമയിലെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് ഡ്യുവോ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രത്തിലാണ് മലയാളികളുടെ സ്വന്തം ശ്യാം പുഷ്‌കരനും ഭാഗമാകുന്നത്.
കെ.ജി.എഫ്, വിക്രം, ലിയോ, കൂലി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചവരാണ് അന്‍പും അറിവും. ഇരട്ടസഹോദരങ്ങളായ ഇവര്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം നിര്‍മിക്കുന്നതും കമല്‍ ഹാസന്‍ തന്നെയാണ്. KH 237 എന്ന് താത്കാലികമായി ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്തവര്‍ഷമാകും ആരംഭിക്കുക.
ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനോ സായ് പല്ലവിയോ ആകും നായികയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിദേശരാജ്യങ്ങള്‍ പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം ആരാധകര്‍ക്ക് മികച്ച വിരുന്നാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ 2, തഗ് ലൈഫ് എന്നിവയുടെ പരാജയത്തിന് ശേഷം കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്.
Content Highlight: Shyam Pushkaran joining in Kamal Haasan’s new movie as co writer directed by Anbarivu