ബോക്സ് ഓഫീസ് തരംഗമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തോടൊപ്പം, തന്റെ ഹിറ്റ് ഡയലോഗായ ജസ്റ്റ് കിഡിംഗ് (ജെ കെ )യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ശ്യാം മോഹൻ. വീണ്ടും ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഹരി ചാക്യാർ എന്ന സ്പൂഫ് കഥാപാത്രമായി എത്തി പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ് ശ്യാം.
ഇപ്പോഴിതാ അഭിനേതാക്കളായ നിവിൻ പോളിയുടെയും നസ്‌ലെന്റെയും അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. ക്രിഞ്ച് ആയിപ്പോകാൻ സാധ്യതകളേറെയുള്ള റൊമാൻസും കോമഡിയും വളരെ സ്വാഭാവികമായി അഭിനയിക്കുന്ന രണ്ടു നടന്മാരാണ് നിവിൻ പോളിയും നസ്‌ലെനും എന്ന് പറയുകയാണ് ശ്യാം മോഹൻ. റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു നടൻ.
ശ്യാം മോഹൻ. Photo. X.com
‘നിവിൻ ചേട്ടനും നസ്‌ലെനും ഒക്കെ ഭയങ്കര നാച്ചുറൽ ആയിട്ടാണ് അഭിനയിക്കാറുള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ കോമഡിയും തമാശയും ഒക്കെ ക്രിഞ്ച് ആയിപ്പോകാൻ സാധ്യതയുള്ള ഏരിയകളാണ്. അതിന്റെ മീറ്റർ കൂടാനോ കുറയാനോ പാടില്ല.
ഒരു നായകനടൻ കോമഡി ചെയ്യുക അല്ലെങ്കിൽ റൊമാൻസ് ചെയ്യുക എന്ന് പറയുമ്പോൾ അതിന് സ്വാഭാവികമായിട്ടുള്ള ഒരു ഫ്ലോ വേണം. ഇയാൾ കഷ്ടപ്പെട്ട് റൊമാൻസ് ചെയ്യുന്നു അല്ലെങ്കിൽ തമാശയ്ക്ക് വേണ്ടി എന്തൊക്കെയോ കാണിക്കുന്നു എന്നൊരു ഫീൽ പ്രേക്ഷകർക്ക് വരരുത്,’ നടൻ പറഞ്ഞു.
റൊമാൻസും കോമഡിയും നിവിന്റെയും നസ്‌ലെന്റെയും സേഫ് സോൺ അല്ല, മറിച്ച് സ്ട്രോങ് സോൺ ആണെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു.
‘നിവിൻ ചേട്ടന്റെയും നസ്‌ലെന്റെയും ഒരു സ്ട്രോങ് സോൺ ആണ് ഇത് രണ്ടും. കംഫർട്ട് സോൺ ആണെന്ന് ഞാൻ ഒരിക്കലും പറയില്ല, പകരം ആ കാര്യത്തിൽ രണ്ടുപേരും ഭയങ്കര സ്ട്രോങ് ആണ്. ഇപ്പോൾ പ്രേമലുവിലെ നസ്‌ലെന്റെ അഭിനയമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവന്റെ ഒരു ഇന്നസെൻസ് അഭിനയത്തിൽ ഫീൽ ചെയ്യും, അതുപോലെ ചില റിയാക്ഷൻസൊക്കെ,’ ശ്യാം പറഞ്ഞു.
തട്ടത്തിൻ മറയത്തി’ലെ നിവിൻ പോളിയുടെ അഭിനയം കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയതെന്നും, വർഷങ്ങൾക്ക് ശേഷവും അതേ ലാഘവത്തോടെയാണ് ഇന്നും നടൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും ശ്യാം മോഹൻ പറഞ്ഞു. ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിന്റെ ഏജ് വർക്ക് ആകുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നെങ്കിലും പ്രേക്ഷകരെ മുഴുവൻ കൺവിൻസ് ചെയ്യിക്കുന്ന അഭിനയമായിരുന്നു നിവിൻ കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിവിൻ പോളി. നസ്‌ലെന്‍. Photo. X.com
‘ നിവിൻ ചേട്ടന്റെ കാര്യം പറയേണ്ടതില്ലല്ലോ. ചേട്ടന്റെ തട്ടത്തിൻ മറയത്ത് ഒക്കെ കണ്ടപ്പോൾ എനിക്ക് ശരിക്കും ഭയങ്കര അത്ഭുതമായിരുന്നു. കാരണം അതിനുമുന്നേ കണ്ട നിവിൻ പോളി പടമായ മലർവാടിയിൽ താടിയൊക്കെ വെച്ച് ഒരു കലിപ്പൻ ഗൈ ആയിരുന്നല്ലോ.
തട്ടത്തിൻ മറയത്തിൽ താടിയൊക്കെ എടുത്ത പുള്ളിയെ കണ്ടപ്പോൾ നമുക്ക് വാരണം ആയിരത്തിൽ സൂര്യയെ കണ്ട ഒരു ഫീൽ ആയിരുന്നു കിട്ടിയത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും പുള്ളി അതെ ഈസോടെയാണ് ഇന്നും അഭിനയിക്കുന്നത്. ബെത്‌ലഹേമിൽ നിവിന്റെ ആ ഏജ് വർക്ക് ആകുമോ എന്നൊക്കെ പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ പുള്ളി അത് ഭയങ്കര ഈസിയായിട്ട് കൺവിൻസ് ചെയ്തെടുത്തു,’- ശ്യാം മോഹൻ പറഞ്ഞു.