ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ പ്രേമലുവിലെ ആദി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ താരമാണ് ശ്യാം മോഹൻ. ആദി എന്ന് പറയുമ്പോൾ ഒപ്പം ജസ്റ്റ് കിഡ്ഡിംഗ് (ജെ.കെ) എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല.
ഇപ്പോഴിതാ വീണ്ടും ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഒരു സ്പൂഫ് കഥാപാത്രമായെത്തിയ ഹരി ചാക്യാരെയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മീഡിയ വൺ ഷോ മാളിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ.ഡി. ചിത്രങ്ങളിൽ താൻ ചെയ്ത ആദി, ഹരി എന്നീ പ്രതിനായക കഥാപാത്രങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് ശ്യാം മോഹൻ.
ബോംബെയിൽ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തപ്പോൾ പ്രേമലുവിൽ അഭിനയിച്ച ആദി എന്ന കഥാപാത്രത്തിനോട് സാമ്യത തോന്നുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ടെന്നും, ആ അനുഭവങ്ങൾ ആദിയെ അവതരിപ്പിക്കാൻ ഒരുപാട് സഹായിച്ചതെന്നും പറയുകയാണ് ശ്യാം.
ശ്യാം മോഹൻ. Photo.. X.Com
‘പ്രേമലുവിൽ അഭിനയിക്കുമ്പോൾ ആദിയെക്കുറിച്ച് ഒരു ക്യാരക്ടർ സ്റ്റഡി തന്നെ നടത്തിയിട്ടുണ്ടായിരുന്നു. ഞാൻ മുമ്പ് കോർപ്പറേറ്റ് കമ്പനിയിൽ വർക്ക് ചെയ്തതുകൊണ്ട് അത്രയും പ്രശ്നക്കാരല്ലെങ്കിലും എവിടെയൊക്കെയോ അങ്ങനെയുള്ള ആളുകളെ കണ്ടിട്ടുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ബോംബെയിലെ സിറ്റി ബാങ്കിൽ വർക്ക് ചെയ്യുമ്പോൾ ഞാൻ ഒരു സച്ചിൻ ആയിരുന്നു. കാരണം ഞാൻ അവിടെ നാട്ടിൻപുറത്തു നിന്നും ചെല്ലുന്ന ഒരു പക്കാ മലയാളിയായിരുന്നു.
‘എന്റെ ഇംഗ്ലീഷൊക്കെ കേട്ടിട്ട് എന്നെ അവിടെയുള്ളവർ കളിയാക്കുമായിരുന്നു. അന്ന് അവിടെ ഇങ്ങനത്തെ ആദിമാരെ കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം നമ്മുടെ ക്യാബിനിലൊക്കെ ഇരുന്ന് നോക്കുമ്പോൾ ഇവർ മൈക്കൽ ജാക്‌സൺ പോകുന്നതുപോലെ സ്ട്രെയിറ്റ് ആയിട്ട് നടന്നുപോകും, മുടിയൊക്കെ ഭയങ്കര പെർഫെക്റ്റ് ആയിട്ട് ചീകി ഒതുക്കി ഒക്കെയായിരിക്കും. അതുകൊണ്ടുതന്നെ ആദിയെ ക്രിയേറ്റ് ചെയ്യാൻ ആ എക്സ്പീരിയൻസ് എന്നെ സഹായിച്ചിട്ടുണ്ട്,’ ശ്യാം മോഹൻ പറഞ്ഞു.
ബെത്‌ലഹേം കുടുംബ യൂണിറ്റിൽ അവതരിപ്പിച്ച ഹരി ചാക്യാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വേറെ റെഫറൻസുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ശ്യാം. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങൾ ഒന്നും ഇല്ലാതെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും ശ്യാം കൂട്ടിച്ചേർത്തു.
പ്രേമലു. ബെത്‌ലഹേം കുടുംബ യൂണിറ്റ്. ശ്യാം മോഹൻ . Photo. X.com
‘ഹരിക്ക് റെഫറൻസ് ഒന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ അയാളെ പഠിക്കാൻ നിന്നില്ല, ചെയ്തുനോക്കാം എന്ന രീതിയിൽ ചെയ്തതായിരുന്നു. പിന്നെ ഗിരീഷ് കൂടെയുണ്ടായിരുന്നു. ഹരിയുടേതല്ലാത്ത മാനറിസങ്ങളൊക്കെ വരികയാണെങ്കിൽ എടാ അത് വേണ്ട, നമുക്ക് വേറൊരു സാധനം പിടിക്കാം എന്ന് പറയും.
പിന്നെ ഞാൻ എന്റേതായിട്ടുള്ള ഇംപ്രൊവൈസേഷൻസ് കഥാപാത്രത്തിലേക്ക് കൊണ്ടുവരുമ്പോൾ ഗിരീഷിനോട് ചോദിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഹരി എനിക്കും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഒരാളായിരുന്നു,’ ശ്യാം മോഹൻ പറഞ്ഞു.