| Sunday, 6th September 2026, 9:37 am

ഗിരീഷേട്ടൻ ആ കഥാപാത്രത്തിന് വേണ്ടി എന്നോട് ആകെ ചോദിച്ചത് 'എടാ കവിൾ വിറപ്പിക്കാൻ പറ്റുമോ' എന്നാണ്: ശ്യാം മോഹൻ

നന്ദന. ടി

ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ പ്രേമലുവിലെ ആദി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ താരമാണ് ശ്യാം മോഹൻ. ആദി എന്ന് പറയുമ്പോൾ ഒപ്പം ജസ്റ്റ് കിഡിങ് (ജെ കെ ) എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല.

ഇപ്പോഴിതാ വീണ്ടും ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഒരു സ്പൂഫ് കഥാപാത്രമായെത്തിയ ഹരി ചാക്യാരെയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ.ഡി. ചിത്രങ്ങളിൽ താൻ ചെയ്ത ആദി, ഹരി എന്നീ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

തന്റെ ശൈലികളൊന്നും പ്രേമലുവിലെ ആദിയിൽ വരാത്ത രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്ന് പറയുകയാണ് ശ്യാം മോഹൻ.

ശ്യാം മോഹൻ. Photo. Screen grab/ Youtube

‘പേഴ്‌സണലി പറയുകയാണെങ്കിൽ ആദിയായിരുന്നു എനിക്ക് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രം. കാരണം എന്റെതായിട്ടുള്ള മാനറിസങ്ങൾ ഒന്നും മാക്സിമം വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലും എന്റെ ഫ്രണ്ട്സൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു, എടാ ആ സീനിൽ നിന്റെ ചില പരിപാടികളൊക്കെ വന്നിട്ടുണ്ട് എന്ന്,’ നടൻ പറഞ്ഞു.

ബോംബെയിൽ അഞ്ച് വർഷം ജോലി ചെയ്തതുകൊണ്ടുതന്നെ പലരും താൻ പുറത്ത് ജനിച്ചു വളർന്ന ആളാണ് എന്ന് കരുതിയിരുന്നതായി പറയുകയാണ് ശ്യാം. അതുകൊണ്ടുതന്നെ ആദി പോലെയുള്ള ഒരു കഥാപാത്രത്തെ എളുപ്പത്തിൽ തനിക്ക് ചെയ്യാൻ പറ്റുമെന്നായിരുന്നു പലരും ധരിച്ചിരുന്നത് എന്നും ശ്യാം കൂട്ടിച്ചേർത്തു.

‘പലരും വിചാരിച്ചിട്ടുള്ളത് ഞാൻ സി.ബി.എസ്.ഇ. സ്കൂളിലൊക്കെ പഠിച്ച് പുറത്ത് വളർന്നതാണ് എന്നാണ്. അഞ്ച് വർഷം ബോംബെയിൽ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അപ്പോൾ പുറത്തൊക്കെ ജനിച്ചു വളർന്ന ആളല്ലേ, അതുകൊണ്ട് ഈ ക്യാരക്ടറൊക്കെ ചെയ്യാൻ എളുപ്പമായിരിക്കും എന്നൊരു ചിന്ത എല്ലാവർക്കും ഉണ്ടായിരുന്നു.

പക്ഷേ ഞാൻ ഒരു നാട്ടിൻപുറത്ത് ജനിച്ചുവളർന്ന് മലയാളം സ്കൂളിൽ പഠിച്ച ആളാണ്. എനിക്ക് ആദിയെപ്പോലുള്ള ആൾക്കാരുടെ കൂടെ വർക്ക് ചെയ്ത ഒരറിവ് മാത്രമേയുള്ളൂ,’ നടൻ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഹരി എന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ധാരണയില്ലായിരുന്നു എന്ന് പറയുകയാണ് ശ്യാം. എന്നാൽ മികച്ചൊരു ഡയറക്ടറും സ്ക്രിപ്റ്റും ഉള്ളപ്പോൾ ഒരു അഭിനേതാവ് അറിയാതെതന്നെ ആ കഥാപാത്രത്തിലേക്ക് കടക്കുമെന്നും ശ്യാം വ്യക്തമാക്കി.

ശ്യാം മോഹൻ. ആദി. ഹരി. Photo. X.Com

‘പക്ഷേ ബെത്‌ലഹേമിൽ ചെയ്ത ഹരി എന്ന കഥാപാത്രത്തെക്കുറിച്ച് എനിക്ക് വലിയ വ്യക്തമായ ധാരണ കിട്ടിയിട്ടുണ്ടായിരുന്നില്ല. അയാൾ ഒരു അൺപ്രെഡിക്റ്റബിൾ ക്യാരക്ടർ ആയിരുന്നു. അതുകൊണ്ട് ഗിരീഷേട്ടനായാലും അയാൾ അങ്ങനെ ചെയ്യണം എന്നൊന്നും പറഞ്ഞുതന്നിട്ടുണ്ടായിരുന്നില്ല.

എന്നോട് ആകെ പുള്ളി ചോദിച്ചത് എടാ കവിൾ വിറപ്പിക്കാൻ പറ്റുമോ എന്നാണ്. പിന്നെ നല്ലൊരു സ്ക്രിപ്റ്റും ഡയറക്ടറുമൊക്കെ കൂടെയുണ്ടാവുമ്പോൾ നമ്മൾ അറിയാതെ ആ കഥാപാത്രത്തിലേക്ക് വരും,” ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam mohan talks about his character Aadi and Hari

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more