| Tuesday, 1st September 2026, 4:50 pm

പ്രേമലു റിലീസ് ആയപ്പോൾ 'യൂ ആർ ദി റിയൽ ഹീറോ' എന്നാണ് പലരും പറഞ്ഞത്: ശ്യാം മോഹൻ

നന്ദന. ടി

ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ പ്രേമലുവിലെ ആദി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ താരമാണ് ശ്യാം മോഹൻ. ആദി എന്ന് പറയുമ്പോൾ ഒപ്പം ജസ്റ്റ് കിഡിങ് ( ജെ.കെ ) എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല.

ഇപ്പോഴിതാ വീണ്ടും ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഒരു സ്പൂഫ് കഥാപാത്രമായെത്തിയ ഹരി ചാക്യാരെയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മീഡിയ വൺ ഷോ മാളിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ ഡി ചിത്രങ്ങളിൽ താൻ ചെയ്ത ആദി, ഹരി എന്നീ പ്രതിനായക കഥാപാത്രങ്ങളുടെ സാമ്യതകളെ കുറിച്ച് സംസാരിക്കുകയാണ് നടൻ.

ശ്യാം മോഹൻ. Photo. X.Com

ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ ഹരി എന്ന കഥാപാത്രത്തെ കിട്ടിയപ്പോൾ പ്രേമലുവിലെ ആദിയുമായി എന്തെങ്കിലും സാമ്യതകൾ തോന്നിയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ശ്യാം മോഹൻ.

‘പ്രേമലുവിലെയും ബെത്‌ലഹേമിലെയും എന്റെ കഥാപാത്രങ്ങൾക്ക് എവിടെയൊക്കെയോ ചെറിയ രീതിയിൽ സാമ്യതകൾ ഉണ്ടായിരുന്നു. കാരണം കൺട്രോൾഡ് ഫേക്ക് ആയിട്ടുള്ള കഥാപാത്രങ്ങളാണ് രണ്ടും. പക്ഷേ പ്രേമലുവിൽ ആദി അത് അവതരിപ്പിക്കുന്ന രീതി വളരെ ഷുഗർ കോട്ടഡ് ആയിട്ടാണ്. പ്രേമലു ഇറങ്ങി കഴിഞ്ഞപ്പോൾ കുറെ ആളുകൾ ചോദിച്ചിരുന്നു എന്തുകൊണ്ട് റീനു ആദിയെ സ്വീകരിച്ചില്ല എന്ന്.

ഹൈദരാബാദ് ഭാഗത്തൊക്കെ എനിക്ക് കിട്ടിയ റെസ്പോൺസ് അങ്ങനെയായിരുന്നു. കാരണം തെലുങ്ക് പടത്തിന്റെ ഷൂട്ടിന് പോകുമ്പോൾ യൂ ആർ ദി റിയൽ ഹീറോ എന്നാണ് പലരും പറഞ്ഞത്. പക്ഷേ നമുക്കറിയാം ആദി ഭയങ്കര ടോക്സിക് ആയിട്ടുള്ള കഥാപാത്രമാണെന്ന്. പക്ഷേ അയാൾ അത് പ്രസന്റ് ചെയ്ത രീതി കൊണ്ടാണ് ആളുകൾക്ക് അയാൾ നല്ലൊരു കഥാപാത്രമാണെന്ന ധാരണ വരുന്നത്,’ ശ്യാം മോഹൻ പറഞ്ഞു.

പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തെ ഏതെങ്കിലും രീതിയിൽ നോക്കിയാൽ നല്ലൊരു കഥാപാത്രമാണെന്ന് തോന്നാമെങ്കിലും, ബെത്‌ലഹേമിലെ ഹരി എന്ന കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് അത്തരത്തിലൊരു ചിന്ത വരാൻ സാധ്യതയില്ലെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു.

‘ബെത്‌ലഹേമിൽ ഞാൻ ചെയ്ത ഹരി എന്ന കഥാപാത്രത്തിലേക്ക് വരുമ്പോൾ അങ്ങനെയല്ല, ഹരിയെ കാണുമ്പോൾ തന്നെ കുറച്ച് പിശകാണ്. കാരണം ഇയാൾ ഒന്നും ഷുഗർ കോട്ട് ചെയ്യാതെ തുറന്നു സംസാരിക്കുന്ന ആളാണ്. പുള്ളിയെ കാണിക്കുന്ന ആദ്യ ഷോട്ടിൽ തന്നെ ഇയാൾക്കൊരു പ്രശ്നമുണ്ടല്ലോ എന്ന് തോന്നും.

പ്രേമലു. ശ്യാം മോഹൻ. മമിതാ ബൈജു . Photo. X.com

അതുകൊണ്ട് രണ്ടു സിനിമകളിലും എന്റെ കഥാപാത്രങ്ങളെ രണ്ടു രീതിയിൽ തന്നെയാണ് അപ്രോച്ച് ചെയ്തത്. എവിടെയൊക്കെയോ സ്വഭാവ സാദൃശ്യം ഉണ്ടെങ്കിലും രണ്ടു കഥാപാത്രങ്ങളും എന്റയർലി ഡിഫറന്റാണ്. ആദി ഒരു പക്കാ അർബൻ കഥാപാത്രമാണെങ്കിൽ ഹരി ഒരു നാട്ടിൻപുറത്തുകാരനാണ്,’ ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam mohan talks about his characher Aadi and Hari

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more