| Friday, 21st November 2025, 4:36 pm

അതില്‍ ഞാന്‍ ചെയ്ത മുരടന്‍ കഥാപാത്രം, 18പ്ലസ് സിനിമയിലെ ചൂടന്‍ ചേട്ടനാകാന്‍ അവസരം തന്നു: ശ്യാം മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് ഏറെ ജനപ്രീതി നേടിയ നടനാണ് ശ്യാം മോഹന്‍. സിനിമയില്‍ ശ്യാം അവതരിപ്പിച്ച ആദി എന്ന കഥാപാത്രത്തെ സാക്ഷാല്‍ രാജമൗലി വരെ പ്രശംസിച്ചിരുന്നു. ഇപ്പോള്‍ തന്റെ അഭിനയജീവതത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹന്‍.

ടി.വിയിലെ ഡബ്‌സ്മാഷുകള്‍ കണ്ടാണ് പൊന്‍മുട്ടയിലേക്ക് (യൂട്യൂബ് ചാനല്‍) ഓഫര്‍ വന്നതെന്നും അതിലെ കോമഡി കഥാപാത്രങ്ങളാണ് ഭാഗ്യമായതെന്നും ശ്യാം പറഞ്ഞു. പൊന്‍ മുട്ട തന്റെ ഫിലിം സ്‌കൂള്‍ തന്നെയാണെന്നും സ്‌ക്രിപ്റ്റ് എഴുത്തു മുതല്‍ എഡിറ്റിങ് വരെ അവിടുന്ന് പഠിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊന്‍മുട്ട പോപ്പുലര്‍റായതോടെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. അഭിനയമാണ് മേഖല എന്ന് തിരിച്ചറിഞ്ഞത് പൊന്മുട്ടയ്ക്ക് ശേഷമാണ്. ആദ്യസിനിമയിലേക്ക് ഓഫര്‍ വന്നതും പൊന്മുട്ടയിലൂടെ തന്നെ. പത്രോസിന്റെ പടപ്പുകളിലേക്ക് ഓഡിഷന്‍ വഴി സെലക്ട് ആയി.

യൂട്യൂബില്‍ നിന്ന് സിനിമയിലെത്തിയതിന്റെ വ്യത്യാസമുണ്ടെങ്കിലും കോമഡി റോള്‍ തന്നെയായതിനാല്‍ അധികം പ്രയാസം തോന്നിയില്ല. കോമഡി വിട്ടൊരു വേഷം ആദ്യം ചെയ്തത് ‘നെറ്റ് കോള്‍’ ആണ്. അതിലെ ‘മുരടന്‍’ കഥാപാത്രമാണ് 18പ്ലസ് എന്ന സിനിമയിലെ ചൂടന്‍ ചേട്ടനാകാന്‍ അവസരം തന്നത്,’ ശ്യാം മോഹന്‍ പറയുന്നു.

ചെയ്ത സിനിമകളില്‍ ഒന്നും താനുമായി സാമ്യമുള്ള കഥാപാത്രം ഇല്ലെന്നും അങ്ങനെയൊരു കഥാപാത്രം ഇതുവരെ ചെയ്തിട്ടില്ലെന്നും ശ്യാം പറയുന്നു. ബ്രൊമാന്‍സും പെറ്റ് ഡിറ്റക്ടീവുമെല്ലാം പ്രേമലു തന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമരന്‍ എന്ന ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്ത ശ്യാം ഇപ്പോള്‍ അന്യഭാഷകളിലും സിനിമകള്‍ ചെയ്യുന്നുണ്ട്.

Content highlight: Shyam Mohan talks about his acting career and the Ponmutta program

We use cookies to give you the best possible experience. Learn more