വെബ് സീരീസുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് ശ്യാം മോഹന്‍. ചെറുതും വലുതുമായ പല വേഷങ്ങളും ചെയ്‌തെങ്കിലും ശ്യാമിന്റെ കരിയര്‍ മാറ്റിമറിച്ചത് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവാണ്. ചിത്രത്തിലെ ആദി എന്ന കഥാപാത്രത്തെ പ്രശംസിച്ച് സാക്ഷാല്‍ രാജമൗലി വരെ രംഗത്തെത്തിയിരുന്നു.
പ്രേമലുവിന് ശേഷം തമിഴിലും തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ചു. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലും ശ്യാമിന്റെ സാന്നിധ്യമുണ്ട് രണ്ടാം പകുതിയില്‍ വന്ന് കൈയടി നേടുന്ന ഹരി എന്ന കഥാപാത്രമായാണ് ശ്യാം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ റിലീസിന് ശേഷം ശ്യാം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്യാം പങ്കുവെച്ച പഴയകാല ഓര്‍മകള്‍ പല പേജുകളും ചര്‍ച്ച ചെയ്യുകയാണ്. സിനിമയിലെത്തുന്നതിന് മുമ്പ് ചെറിയ വീഡിയോകള്‍ ചെയ്തിട്ടുണ്ടായിരുന്നെന്ന് ശ്യാം പറയുന്നു. ടെര്‍മിനേറ്റര്‍ സിനിമക്ക് ഒരു കോമഡി ഡബ്ബ് ചെയ്തത് അന്നത്തെ കാലത്ത് വൈറലായിരുന്നെന്നും താരം പറഞ്ഞത് പലരെയും ഞെട്ടിച്ചു.
ഇന്റര്‍നെറ്റൊന്നും അധികം പ്രചാരത്തിലില്ലാതിരുന്ന കാലത്ത് പലരുടെയും ഫോണില്‍ നിറഞ്ഞ വീഡിയോകളിലൊന്നായിരുന്നു ടെര്‍മിനേറ്ററിന്റെ മലയാളം ഡബ്ബിങ്. ‘സെല്‍വന്‍ പി.ഡബ്ല്യു.ഡി’ എന്ന് പേരിട്ട അഞ്ച് മിനിറ്റുള്ള വീഡിയോ ക്ലിപ്പ് ഇന്നും പലരുടെയും ഫേവറെറ്റാണ്. കളിക്കുടുക്കക്ക് വേണ്ടി നടക്കുന്ന അര്‍ണോള്‍ഡ് എന്ന വ്യത്യസ്തമായ ചിന്തയുദിച്ചത് ശ്യാമിന്റെ തലയിലാണെന്ന കാര്യം ഇപ്പോഴാണ് പലരും അറിയുന്നത്.
ത്രീ.ജി.പി കാലഘട്ടത്തില്‍ അണിയിച്ചൊരുക്കിയ ഈ വീഡിയോ വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമുമില്ലാത്ത കാലത്ത് ഫോണുകള്‍ ഭരിച്ച ഐറ്റമാണ്. ടെര്‍മിനേറ്ററിന്റെ സ്രഷ്ടാവായ ശ്യാമിനെ കണ്ടുകിട്ടിയതോടെ ഇതുപോലത്തെ മറ്റ് വീഡിയോകള്‍ക്ക് പിന്നിലുള്ളവരെ തെരയുകയാണ് സോഷ്യല്‍ മീഡിയ. ടൈറ്റാനിക്, മാട്രിക്‌സ്, ജാക്കി ചാന്‍ ചിത്രങ്ങളുടെ ഫണ്ണി ഡബ്ബും ഇതുപോലെ ചര്‍ച്ചയാവുകയാണ്.
സിനിമയിലെത്തുന്നതിന് മുമ്പ് ശ്യാമിന്റെ കഴിവ് പലരും തിരിച്ചറിഞ്ഞതാണ്. പൊന്മുട്ട മീഡിയ എന്ന വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ ശ്യാം മോഹന്‍ സിനിമയിലും തന്റെ റേഞ്ച് വ്യക്തമാക്കിക്കഴിഞ്ഞു. ആദിയില്‍ നിന്ന് ഹരിയിലേക്ക് എത്തിയപ്പോള്‍ പെര്‍ഫോമറെന്ന നിലയില്‍ ശ്യാം കൂടുതല്‍ സ്‌കോര്‍ ചെയ്യുകയാണ്. ഇനിയും ശ്യാം സിനിമാലോകത്ത് തിളങ്ങുമെന്ന് ഉറപ്പാണ്.
Content Highlight: Shyam Mohan saying he created a fun dub for Terminator movie