| Sunday, 23rd November 2025, 4:01 pm

മകളോട് ഞാന്‍ എപ്പോഴും പറയാറുണ്ട് എന്റെ ജീവിതത്തിലെ മൂന്നാത്തെയാളാണ് അവളെന്ന് ; ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും, ഭര്‍ത്താവിനും ശേഷം മൂന്നാമതൊരാള്‍ മാത്രമായിരിക്കും തന്റെ മകളെന്നും അവള്‍ക്ക് വേണ്ടിയല്ല താന്‍ ജീവിക്കുന്നതെന്ന് അവളോട് പറഞ്ഞിട്ടുണ്ടെന്നും ശ്വേത മേനോന്‍. ധന്യ വര്‍മ്മക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം.

‘ഞാനൊരിക്കലും എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കില്ല, അവള്‍ക്ക് വേണ്ടി മാത്രം ഒന്നും ചെയ്തുകൊടുക്കില്ല, ഇതുവരെ അവള്‍ക്കു വേണ്ടി നിക്ഷേപങ്ങള്‍ നടത്തിയിട്ടില്ല. കാരണം എനിക്കറിയാം അങ്ങനെ ചെയ്താല്‍ ഞാന്‍,അവളെ വികലാംഗയാക്കുന്നതിന് തുല്ല്യമാണ്. രക്ഷിതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്തുകൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല കാര്യമെന്ന് പറയുന്നത് നല്ല വിദ്യാഭ്യാസവും ആരോഗ്യവും കൊടുക്കുക എന്നുള്ളതാണ്.

അതിന് ശേഷം ജീവിതം എന്തായിതീരണമെന്നത് അവളുടെ മാത്രം തീരുമാനമാണ്. നല്ല യാത്രകളും ഓര്‍മകളും ഞാന്‍ അവള്‍ക്ക് സമ്മാനിക്കുന്നുണ്ട്, ഇത് തന്നെയാണ് എന്റെ അച്ചന്‍ എന്നെ വളര്‍ത്തിയ രീതിയും. അവളെന്നോട് ചോദിക്കാറുണ്ട് നമ്മള്‍ താമസിക്കുന്ന ഫ്ളാറ്റ് ഭാവിയില്‍ എന്റെതാവില്ലെ എന്ന്, പക്ഷേ ഇതെല്ലാം വെട്ടി വിഴുങ്ങി ഇവിടെ തന്നെ തീര്‍ത്തെ ഞാന്‍ പോകുള്ളു നിനക്ക് അഞ്ചു പൈസ തരില്ലെന്നും മകളോട് പറയാറുണ്ടെന്ന് ,’ ശ്വേതാ മേനോന്‍ പറഞ്ഞു.

നമ്മളൊരിക്കലും നമ്മുടെ മക്കള്‍ക്ക് വേണ്ടി സമ്പാദിച്ച് ജീവിതം പാഴാക്കികളയരുതെന്നും ഒരുപാട് പേര്‍ ചെയ്യുന്ന തെറ്റാണതെന്നും ശ്വേത പറയുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നമ്മള്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് മറന്നുപോകുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

അവനവനു വേണ്ടി ജീവിച്ചു കാണിച്ച് കുട്ടികള്‍ക്ക് മാതൃകയാവണമെന്നും എല്ലാം അവര്‍ക്ക് തളികയിലെന്നോണം വച്ചുകൊടുക്കുന്നത് അവരുടെ ജീവിതം നശിപ്പിക്കുുന്നതിന് തുല്ല്യമാണെന്നും ശ്വേത മേനോന്‍ പറയുന്നു.

‘എപ്പോഴും തന്റെ കുടുംബ ജീവിതം പ്രൊഫഷനില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്, വീട്ടില്‍ താന്‍ എപ്പോഴും നല്ലൊരു അമ്മയും ഭാര്യയും മാത്രമാണ്, ശ്വേതാ മേനോന്‍ എന്ന നടിയെ വീട്ടിനകത്തേക്ക് കയറ്റാറില്ല. ഒരു സിനിമയിലെ കഥാപാത്രത്തിന് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യും.

പാലേരി മാണിക്യവും, രതിനിര്‍വേദവും, കാമസൂത്രയും എല്ലാം അഭിനേതാവ് എന്ന നിലയില്‍ തന്റെ ടെസ്റ്റിമോണിയാണ്. പക്ഷേ ഈ കഥാപാത്രങ്ങളെ തന്റെ വ്യക്തി ജീവിതവുമായി കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ല’ ശ്വേത പറയുന്നു. മലയാള താരസംഘടനയായ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായി ശ്വേതാ മേനോന്‍ ഈ വര്‍ഷം സ്ഥാനമേറ്റിരുന്നു.

Content Highlight: Shwetha Menon about the advice she gave to her daughter

We use cookies to give you the best possible experience. Learn more