കൊച്ചി: ഷുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണാ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 17 പ്രതികള്‍ക്കും ഹൈക്കോടതി വീണ്ടും ജാമ്യം അനുവദിച്ചു.
വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യം റദ്ദാക്കി ഇവരെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നത്.
വിചാരണാ നടപടികള്‍ മനപ്പൂര്‍വം തടസപ്പെടുത്താന്‍ പ്രതിഭാഗം അഭിഭാഷകരും പ്രതികളും ശ്രമിക്കുന്നുവെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും നിരീക്ഷിച്ചായിരുന്നു സെഷന്‍സ് കോടതിയുടെ നടപടി.
ഈ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
2018 ഫെബ്രുവരി 12-ന് രാത്രിയാണ് മട്ടന്നൂര്‍ എടയന്നൂരിലെ തട്ടുകടയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെടുന്നത്.
എട്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഈ മാസം 18നാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
ആകാശ് തില്ലങ്കേരിക്ക് പുറമെ റജില്‍ രാജ്, ജിതിന്‍, ദീപ്ചന്ദ്, ടി.കെ. അസ്‌കര്‍ തുടങ്ങി 17 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്.
വിചാരണാ വേളയില്‍ സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കുന്ന സാഹചര്യം മുന്‍പ് ഉണ്ടായത്.
ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ പ്രതികള്‍ക്ക് ജയിലിലേക്ക് പോകേണ്ടി വരില്ല.
Content Highlight: Shuhaib murder case: High Court quashes order cancelling bail of accused including Akash Thillankeri