| Monday, 19th February 2018, 2:45 pm

ഷുഹൈബിന്റെ കൊലപാതകം: കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം; കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം ചേരും. കലക്ടറേറ്റില്‍ രാവിലെ 10നു നടത്തുന്ന യോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണു യോഗം.

യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. “പൊലീസിന്റെ കൈ കെട്ടിയിട്ടതായി സംശയിക്കുന്നു. ആറു ദിവസത്തിനുശേഷമാണു മുഖ്യമന്ത്രി പ്രതികരിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ കീഴടങ്ങിയത്. അറസ്റ്റിലായത് ഡമ്മി പ്രതികളാണ്.കേസ് അന്വേഷണം എന്തായിത്തീരും? സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല പറഞ്ഞു.

അക്രമം നടന്നിട്ടും കണ്ണൂരില്‍ സമാധാന യോഗം വിളിക്കാന്‍ തയ്യാറാവാത്ത ജില്ലാ കളക്ടറുടെ നിലപാടിനെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമാണിത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ, യഥാര്‍ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ കണ്ണൂരില്‍ 48 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു.

We use cookies to give you the best possible experience. Learn more