| Tuesday, 5th August 2025, 6:56 pm

ആറില്‍ മൂന്നും വിരാട് അടക്കിഭരിക്കുന്ന പട്ടികയില്‍ ഒന്നാമനായി ഗില്‍; എന്തൊരു അരങ്ങേറ്റം!

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയ്ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരമ്പര സമനിലയിലെത്തിച്ചാണ് ഇന്ത്യ തിളങ്ങിയത്. വിരാടും രോഹിത്തും അശ്വിനും ഇല്ലാതിരുന്നിട്ടും ജസ്പ്രീത് ബുംറയുടെ മുഴുവന്‍ സമയ സേവനം ലഭിക്കാതിരുന്നിട്ടും ഇന്ത്യ ഇംഗ്ലണ്ടില്‍ തോല്‍ക്കാതെ തലയുയര്‍ത്തി നിന്നു.

അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് ഇന്ത്യ സമനിലയിലെത്തിച്ചത്. അവസാന നിമിഷം വരെ ആരാധകരുടെ നെഞ്ചിടിപ്പിച്ച ഓവല്‍ ടെസ്റ്റിന്റെ അവസാന ദിവസത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടികളേറ്റുവാങ്ങി.

ശുഭ്മന്‍ ഗില്ലിനെക്കൊണ്ട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയെന്ന ചുമതല എടുത്താല്‍ പൊന്തില്ല എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ പരമ്പര.

ലീഡ്‌സില്‍ പരമ്പരയിലെ ആദ്യ മത്സരം തോറ്റുകൊണ്ടുതുടങ്ങിയ ഇന്ത്യ, ബെര്‍മിങ്ഹാമിലെ രണ്ടാം മത്സരത്തില്‍ ചരിത്ര വിജയം സ്വന്തമാക്കി വമ്പന്‍ തിരിച്ചുവരവ് നടത്തി. ലോര്‍ഡ്‌സില്‍ വിജയം കണ്‍മുമ്പില്‍ കണ്ട ശേഷം പരാജയപ്പെട്ടപ്പോള്‍ മാഞ്ചസ്റ്ററിലെ നാലാം മത്സരം സമനിലയിലും അവസാനിച്ചു. വിഖ്യാതമായ ഓവലിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര അടിയറവ് വെക്കാതെ മടങ്ങുന്നത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമല്ല, ബാറ്റര്‍ എന്ന നിലയിലും ഗില്‍ തിളങ്ങിയ പരമ്പകര കൂടിയായിരുന്നു ഇത്. നാല് സെഞ്ച്വറിയുള്‍പ്പടെ 75.40 എന്ന മികച്ച ശരാശരിയില്‍ 754 റണ്‍സാണ് ഗില്‍ നേടിയത്. പരമ്പരയിലെ മറ്റൊരു താരത്തിന് പോലും 600 റണ്‍സ് പോലും പിന്നിടാന്‍ സാധിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ഇതിനൊപ്പം മറ്റൊരു പട്ടികയിലും ഗില്‍ ഒന്നാമനായി ഇടം നേടി. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയിലാണ് ഗില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ പരമ്പരയില്‍ തന്നെ ഇടം പിടിച്ചത്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ശുഭ്മന്‍ ഗില്‍ – ഇംഗ്ലണ്ട് – 754 – 2025*

സുനില്‍ ഗവാസ്‌കര്‍ – വെസ്റ്റ് ഇന്‍ഡീസ് – 732 – 1978-79

വിരാട് കോഹ്‌ലി – ഇംഗ്ലണ്ട് – 655 – 2016

വിരാട് കോഹ്‌ലി – ശ്രീലങ്ക – 610 – 2017

വിരാട് കോഹ്‌ലി – ഇംഗ്ലണ്ട് – 593 – 2018

സുനില്‍ ഗവാസ്‌കര്‍ – ഇംഗ്ലണ്ട് – 500 – 1971

അതേസമയം, ഓവല്‍ ടെസ്റ്റ് വിജയിച്ചതിന് പിന്നാലെ സേന രാജ്യങ്ങളില്‍ ഒന്നിലധികം മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍മാരുടെ എലീറ്റ് ലിസ്റ്റിലും ഗില്‍ ഇടം നേടി. രോഹിത് ശര്‍മയടക്കമുള്ള ഇതിഹാസങ്ങളെ മറികടന്നുകൊണ്ടാണ് ഗില്‍ ഈ നേട്ടത്തിലെത്തിയത്.

സേന ടെസ്റ്റുകളില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

(താരം – മത്സരം – വിജയം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 24 – 7

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – 10 – 3

എം.എസ്. ധോണി – 23 – 3

അജിന്‍ക്യ രഹാനെ – 3 – 2

ശുഭ്മന്‍ ഗില്‍ – 5 – 2*

കപില്‍ ദേവ് – 6 – 2

രാഹുല്‍ ദ്രാവിഡ് – 7 – 2

ബിഷന്‍ സിങ് ബേദി – 7 – 2

സുനില്‍ ഗവാസ്‌കര്‍ – 10 – 2

സൗരവ് ഗാംഗുലി – 12 – 2

ജസ്പ്രീത് ബുംറ – 3 – 1

അനില്‍ കുംബ്ലെ – 4 – 1

അജിത് വഡേകര്‍ – 6 – 1

രോഹിത് ശര്‍മ – 6 – 1

Content Highlight: Shubman Gill tops the list of most runs by an Indian captain in a Test series

We use cookies to give you the best possible experience. Learn more