രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയും പഞ്ചാബും തമ്മിലുള്ള മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗരാഷ്ട്ര 47.1 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശുഭ്മന്‍ ഗില്‍ നയിക്കുന്ന പഞ്ചാബ് വെറും 139 റണ്‍സിനും പുറത്തായി. ഇതോടെ ആദ്യ ദിവസം തന്നെ ഇരു ടീമുകളും ഓള്‍ ഔട്ടിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്.
മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങിയ പഞ്ചാബ് നായകന്‍ ശുഭ്മന്‍ ഗില്‍ സില്‍വര്‍ ഡക്കായാണ് മടങ്ങിയത്. ക്രീസിലെത്തിയ ശേഷം ക്യാപ്റ്റന്‍ ഗില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ പൂജ്യം റണ്‍സിനാണ് പുറത്തായത്. പാര്‍ത്ഥ് ഭട്ടിന്റെ പന്തിലാണ് താരം പുറത്തായത്. ഫോം കണ്ടെത്താനാകാതെ ഗില്‍ നിലവില്‍ സമ്മര്‍ദത്തിലാണ്.
റെഡ് ബോളില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം നടത്തിയതെങ്കിലും നിലവില്‍ ഗില്ലിന്റെ ഗ്രാഫ് താഴുന്ന അവസ്ഥയിലാണ്.
എന്നിരുന്നാലും, അതിനുശേഷം ഇന്ത്യയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലും 24 മത്സരങ്ങളില്‍ നിന്ന് 33.25 ശരാശരിയിലാണ് ഗില്ലിന്റെ ബാറ്റിങ്.
ഈ കാലയളവില്‍ ടി-20യില്‍ ഗില്‍ തിരിച്ചെത്തിയെങ്കിലും മോശം പ്രകടനമാണ് നടത്തിയത്. 15 മത്സരങ്ങളില്‍ നിന്ന് 138ല്‍ താഴെ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. 24.25 എന്ന ആവറേജില്‍ ബാറ്റ് ചെയ്ത താരം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.
മോശം പ്രകടനം കാരണം ഗില്‍ ഇന്ത്യന്‍ ടി-20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശേഷം കിവീസിനെതിരെ അടുത്തിടെ നടന്ന പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് താരം നടത്തിയതെങ്കിലും രഞ്ജിയില്‍ ഫോം വീണ്ടെടുക്കാനെത്തിയ താരം തുടക്കം തന്നെ പുറത്തായത് തിരിച്ചടിയാണ്.
Content Highlight: Shubman Gill out for zero in Ranji Trophy