ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. കൊളംബോയിലെ എസ്.എസ്.സിയില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ശ്രീലങ്കയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
സ്‌കോര്‍
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (f/o)
മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത് എന്നതാണ് ആരാധകരെ കൂടുതല്‍ നിരാശയിലേക്ക് തള്ളിയിടുന്നത്.
സൂപ്പര്‍ താരം സോനല്‍ ദിനുഷയുടെ അപരാജിത സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക മത്സരം തോല്‍വിയില്‍ നിന്നും കരകയറിയത്. 420 മിനിട്ടുകള്‍ ക്രീസില്‍ നിന്ന്, 264 പന്തുകള്‍ നേരിട്ട്, പുറത്താകാതെ 133 റണ്‍സുമായാണ് ദിനുഷ കരുത്ത് കാട്ടിയത്.
ഇപ്പോള്‍ മത്സരം സമനിലയില്‍ അവസാനിച്ചതില്‍ വിശദീകരണം നല്‍കുകയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍ അഞ്ചാം ദിനം മുഴുവനായും കളി നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നുവെന്നും, ആ സമയത്ത് അനുയോജ്യമായ തീരുമാനമാണ് കൈക്കൊണ്ടത് എന്നും ഗില്‍ പറഞ്ഞു.
ശ്രീലങ്കയുടെ പ്രകടനം ഏറെ മികച്ചതായിരുന്നുവെന്നും ഗില്‍ മത്സരശേഷം വ്യക്തമാക്കി.
‘അവര്‍ ഏറെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരം കഴിഞ്ഞ ശേഷം കാര്യങ്ങളെ വിലയിരുത്തുമ്പോള്‍ അവരെ ഫോളോ ഓണിന് വിട്ടത് ശരിയായ തീരുമാനമായിരുന്നോ എന്ന് ചിന്തിക്കണം.
എന്നാല്‍ കാലാവസ്ഥയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അഞ്ചാം ദിനം മുഴുവന്‍ കളി നടക്കുമോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു.
ആ നിമിഷത്തില്‍ ടീമിന് ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന തീരുമാനമാണ് എടുക്കാന്‍ ശ്രമിക്കുന്നത്. ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ നടക്കണമെന്നില്ല, അത് സ്വാഭാവികമാണ്,’ ശുഭ്മന്‍ ഗില്‍ പറഞ്ഞു.
അതേസമയം, ഈ പരമ്പരയ്ക്ക് ശേഷം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 11 മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് പരാജയവും രണ്ട് സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്.
ഈ വര്‍ഷം രണ്ട് ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ളത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ആദ്യ ടെസ്റ്റിന് വെല്ലിങ്ടണ്‍ വേദിയാകുമ്പോള്‍ ക്രൈസ്റ്റ് ചര്‍ച്ചിലാണ് രണ്ടാം മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: Shubman Gill on IND vs SL 2nd Test