വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ തങ്ങളുടെ ആദ്യ മത്സരം തന്നെ വിജയിച്ച് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെയാണ് പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് കീഴില്‍ ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്.
ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയെന്ന് പുനര്‍നാമകരണം ചെയ്ത അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ ആരംഭിച്ചിരിക്കുകയാണ്.
ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്.
സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വൈസ് ക്യാപ്റ്റനുമാണ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത്. ശുഭ്മന്‍ ഗില്‍ 175 പന്തില്‍ 127 റണ്‍സും റിഷബ് പന്ത് 102 പന്തില്‍ 65 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന് ഐ.സി.സി ശിക്ഷ വിധിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഐ.സി.സിയുടെ ഡ്രസ് കോഡ് ലംഘിച്ചതിന് പിന്നാലെയാണ് ക്യാപ്റ്റന് അച്ചടക്ക നടപടികള്‍ നേരിടാന്‍ ഒരുങ്ങുന്നത്.
ആദ്യ ഇന്നിങ്‌സില്‍ കറുത്ത സോക്‌സ് ധരിച്ച് കളത്തിലിറങ്ങിയതാണ് ഗില്ലിന് വിനയായിരിക്കുന്നത്.
ഐ.സി.സിയുടെ ക്ലോത്തിങ് ആന്‍ഡ് എക്വിപ്‌മെന്റ് നിയമ (Clothing and Equipment Rule)ത്തിന്റെ 19.45 ക്ലോസ് പ്രകാരം വെള്ള, ക്രീം, ലൈറ്റ് ഗ്രേ നിറത്തിലുള്ള സോക്‌സുകളാണ് ടെസ്റ്റ് മത്സരത്തില്‍ താരങ്ങള്‍ ഉപയോഗിക്കേണ്ടത്. അതേസമയം, ലിമിറ്റഡ് ഓവര്‍ മാച്ചുകളില്‍ ജേഴ്‌സിയുടെ നിറത്തിനനുസരിച്ചുള്ള സോക്‌സുകള്‍ ധരിക്കാന്‍ അനുവാദമുണ്ട്.
ടെസ്റ്റിന്റെ വൈറ്റ് തീമിന് വിരുദ്ധമായ കറുത്ത നിറത്തിലുള്ള സോക്‌സ് ധരിച്ചത് ലെവല്‍ വണ്‍ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. മാച്ച് ഫീസിന്റെ പത്ത് മുതല്‍ ഇരുപത് വരെ ശതമാനം പിഴയായി ഒടുക്കേണ്ടി വന്നേക്കും.
എന്നാല്‍ മനപ്പൂര്‍വല്ല, ആകസ്മികമായാണ് ഇത്തരത്തില്‍ ഡ്രസ് കോഡ് പാലിക്കാന്‍ സാധിക്കാതെ വന്നതെന്ന് കണ്ടെത്തിയാല്‍ പിഴയില്‍ നിന്നും ഒഴിവാക്കാനും സാധ്യതയുണ്ട്.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുലും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ രാഹുലിനെ മടക്കിയാണ് ഇംഗ്ലണ്ട് ബ്രേക് ത്രൂ സ്വന്തമാക്കിത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.
പിന്നാലെയെത്തിയ സായ് സുദര്‍ശന്‍ നിരാശപ്പെടുത്തി. തന്റെ ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ പൂജ്യം റണ്‍സുമായാണ് സായ് മടങ്ങിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന്റെ കൈകളിലൊതുങ്ങിയാണ് താരം തിരിച്ചുനടന്നത്.
നാലാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഗില്ലിന്റെ മികച്ച പ്രകടനത്തിനാണ് ശേഷം ലീഡ്‌സ് സാക്ഷ്യം വഹിച്ചത്. യശസ്വി ജെയ്‌സ്വാളിനെ ഒപ്പം കൂട്ടി 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
ഒരു വശത്ത് ഗില്ലും മറുവശത്ത് ജെയ്‌സ്വാളും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. സ്റ്റോക്‌സ് തന്ത്രങ്ങള്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
ടീം സ്‌കോര്‍ 221ല്‍ നില്‍ക്കവെ ജെയ്‌സ്വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 158 പന്ത് നേരിട്ട് 101 റണ്‍സിനാണ് താരം മടങ്ങിയത്. 16 ഫോറും ഒരു സിക്‌സറുമടക്കം നേടി നില്‍ക്കവെ ബെന്‍ സ്റ്റോക്‌സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം.
പിന്നാലെയെത്തിയ റിഷബ് പന്തും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ആദ്യ ദിവസം ഇന്ത്യ മികച്ച സ്‌കോറിലെത്തിയിരിക്കുകയാണ്.
Content Highlight: Shubman Gill may face disciplinary action for breaching the ICC’s clothing regulations, after wearing black socks