| Wednesday, 13th May 2026, 10:34 am

സച്ചിന് ആറില്‍ നൂറ്, ഗില്ലിന് നാലിലും; പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഗില്ലിനെ ജയിക്കാനാകാതെ ഉദയസൂര്യന്‍മാര്‍

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കെട്ടുകെട്ടിച്ച് ഗുജറാത്ത് ടൈറ്റന്‍സ് തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്.

സ്വന്തം തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിനായിരുന്നു ടൈറ്റന്‍സിന്റെ വിജയം. റണ്‍സ് അടിസ്ഥാനത്തില്‍ മുന്‍ ചാമ്പ്യന്‍മാരുടെ ഏറ്റവും വലിയ വിജയമാണിത്.

ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓറഞ്ച് ആര്‍മി വെറും 86 റണ്‍സിന് പുറത്തായി. ആദ്യ ഓവര്‍ മുതല്‍ എതിരാളികളുടെ തലയരിഞ്ഞിട്ട ടൈറ്റന്‍സിന്റെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റ് തന്നെയാണ് ടീമിന് വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ ക്യാപ്റ്റനെന്ന രീതിയില്‍ സണ്‍റൈസേഴ്‌സിനോട് പരാജയപ്പെട്ടിട്ടില്ല എന്ന നേട്ടം നിലനിര്‍ത്താനും ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനായി. ഇതുവരെ നാല് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സിനോടേറ്റുമുട്ടിയ ഗില്ലിന്റെ സംഘം നാലിലും വിജയം സ്വന്തമാക്കി. അതായത് ഹൈദരാബാദിനെതിരെ നൂറ് ശതമാനം വിജയം ക്യാപ്റ്റന്‍ ഗില്ലിനുണ്ട്.

ശുഭ്മന്‍ ഗില്‍

ഇത്തരത്തില്‍ ഒരു ടീമിനെതിരെ നൂറ് ശതമാനം വിജയം നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും ഗില്ലിന് സാധിച്ചു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ നൂറ് ശതമാനം വിജയം നേടുന്ന ക്യാപ്റ്റന്‍

(താരം – ആകെ മത്സരം – എതിരാളികള്‍ എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 6 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഡേവിഡ് വാര്‍ണര്‍ – 5 – ഗുജറാത്ത് ലയണ്‍സ്

ശുഭ്മന്‍ ഗില്‍ – 4- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്*

ഋതുരാജ് ഗെയ്ക്വാദ് – 4 – മുംബൈ ഇന്ത്യന്‍സ്

പാറ്റ് കമ്മിന്‍സ് – 4 – പഞ്ചാബ് കിങ്‌സ്

പാറ്റ് കമ്മിന്‍സ് – 4 – രാജസ്ഥാന്‍ റോയല്‍സ്

12 മത്സരത്തില്‍ നിന്നും എട്ട് വിജയത്തോടെ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാമതാണ് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സിനെതിരായ വിജയത്തോടെ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുക്കാനും ടൈറ്റന്‍സിനായി.

പ്ലേ ഓഫിന് മുമ്പ് രണ്ട് മത്സരങ്ങള്‍ കൂടിയാണ് ടൈറ്റന്‍സിന് കളിക്കാനുള്ളത്. മെയ് 16ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഹോം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സീസണിലെ 13ാം മത്സരം കളിക്കുന്ന ടൈറ്റന്‍സ്, മെയ് 21ന് സ്വന്തം തട്ടകത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നേരിടും.

Content Highlight: Shubman Gill has never lost a single match against Sunrisers Hyderabad while being captain.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more