| Tuesday, 14th July 2026, 10:46 pm

ചരിത്ര നേട്ടത്തിന് തൊട്ടരികില്‍ വീണ് ഗില്‍; റിട്ടയേഡ് ഹേര്‍ട്ടില്‍ പൊലിഞ്ഞത് വമ്പന്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. എഡ്ജ്ബാസറ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 35 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. അക്‌സര്‍ പട്ടേലും (20) വാഷിങ്ടണ്‍ സുന്ദറുമാണ് (24) ക്രീസിലുള്ളത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയാണ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ കൂടാരം കയറിയത്. 75 പന്തില്‍ ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 80 റണ്‍സ് നേടിയിരിക്കെ റിട്ടയേഡ് ഹേര്‍ട്ടായാണ് താരം മടങ്ങിയത്. വലത് തുടയില്‍ ഹാംസ്ട്രിങ് പരിക്ക് കാരണമാണ് താരം കൂടാരം കയറിയത്.

സെഞ്ച്വറിക്ക് തൊട്ടരികില്‍ നിന്നാണ് ഗില്‍ മടങ്ങിയത് എന്നത് എടുത്തുപറയണം. ഇതോടെ ഒരു ചരിത്ര നേട്ടമാണ് ഇന്ത്യന്‍ നായകന് കയ്യകലത്തില്‍ നിന്ന് വഴുതിപ്പോയത്. ഏകദിന ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ഗില്ലിന് നഷ്ടമായത്.

അതേസമയം 21 പന്തില്‍ 11 റണ്‍സ് നേടിയ രോഹിത് ശര്‍മയെയും അഞ്ച് റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് ശ്രേയസ് അയ്യര്‍ 35 റണ്‍സിനും കെ.എല്‍. രാഹുല്‍ ഒരു റണ്‍സിനും നഷ്ടമായി.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം അക്‌സര്‍ പട്ടേലാണ്. 9.5 ഓവറില്‍ നിന്ന് 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. 6.31 എന്ന എക്കോണമിയിലാണ് താരം ബാറ്റ് ചെയ്തത്. ലിയാം ഡോസണ്‍ (68), ജോഫ്ര ആര്‍ച്ചര്‍ (12), ആദില്‍ റഷീദ് (1), ജോഷ് ടങ് (0) എന്നിവരെയാണ് താരം പുറത്താക്കിയത്.

അക്‌സര്‍ പട്ടേലിന് പുറമെ പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്. ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ജോ റൂട്ടാണ്. പുറത്താകാതെ 76 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് താരം നേടിയത്. ബെന്‍ ഡക്കറ്റ് 43 റണ്‍സ് നേടി. മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

Content Highlight: Shubman Gill had a huge opportunity to create history, but unfortunately He retired hurt on 80 Runs

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more