| Friday, 28th November 2025, 2:17 pm

സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും, സഞ്ജുവിന്റെ കാര്യത്തില്‍ ഇപ്പോഴും ചോദ്യ ചിഹ്നം!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും ഓള്‍ റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയയ്ക്കും ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പരിക്കില്‍ നിന്ന് സുഖം പ്രാപിക്കാത്തതിനാലാണ് താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമായത്.

എന്നാല്‍ പ്രോട്ടിയാസിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20യില്‍ ഇരുവരും മടങ്ങിയെത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. താരങ്ങള്‍ക്ക് നല്ലമാറ്റമാണ് ഉണ്ടാകുന്നതെന്നും ടി-20 പരമ്പരയ്ക്ക് ഇരുവരും ടീമില്‍ ഇടം നേടുമെന്നുമാണ് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇരുവരും വരുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. എന്നാല്‍ സഞ്ജു ടീമിനായി കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജു സാംസണും ധ്രുവ് ജുറേലും ജിതേഷ് ശര്‍മയുമാണ് സെലഷന്‍ കമ്മിറ്റിയുടെ മുന്നിലുള്ളത്. പ്രോട്ടിയാസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയ ജുറലിനേയും എമര്‍ജിങ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സെമിയില്‍ ഇന്ത്യ എ പരാജയപ്പെട്ടതിന് കാരണമായ ജിതേഷ് ശര്‍മേയും (ടൂര്‍ണമെന്റില്‍ ഇന്ത്യ എയുടെ ക്യാപ്റ്റനായിരുന്നു ജിതേഷ്) ഇന്ത്യ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാക്കാന്‍ സാധ്യത കുറവാണ്.

അതേസമയം പ്രോട്ടിയാസിനെതിരായ ഏകദിന പരമ്പരയില്‍ ഇടം നേടാന്‍ അര്‍ഹത ഉണ്ടായിട്ടും സഞ്ജുവിനെ അവഗണിച്ചതില്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടി-20യില്‍ സഞ്ജുവിന്റെ പേര് ഉള്‍ക്കൊള്ളിക്കാന്‍ സാധ്യത കൂടുതലാണ്.

എന്നിരുന്നാലും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും സെലക്ടര്‍ അജിത് അഗാക്കറിന്റെയും തീരുമാനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. സഞ്ജു സ്‌ക്വാഡില്‍ ഉണ്ടാകുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. അതേസമയം സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ വമ്പന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്.

Content Highlight: Shubman Gill and Hardik Pandya likely to return for T20I against South Africa, Sanju still a question mark

We use cookies to give you the best possible experience. Learn more