| Saturday, 30th August 2025, 4:38 pm

ഏഷ്യ കപ്പിന് മുന്നോടിയായി ഫിറ്റ്‌നസ് തെളിയിക്കാന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യ കപ്പിന് മുന്നോടിയായി ഫിറ്റ്‌നസ് തെളിയിക്കാന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനും ടി – 20 വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ താരം ഫിറ്റ്‌നസ് വിലയിരുത്തലിന് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എന്നാണ് താരത്തിന്റെ ഫിറ്റ്‌നസ് പരിശോധനകള്‍ നടക്കുകയെന്നതിന്റെ വിവരങ്ങള്‍ ലഭ്യമല്ല.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ദുലീപ് ട്രോഫിയ്ക്കുള്ള നോര്‍ത്ത് സോണ്‍ ടീമില്‍ ഗില്‍ ഉള്‍പ്പെട്ടിരുന്നു. ടീം ക്യാപ്റ്റനായി നിയമിതനായ താരം എന്നാല്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നിലവില്‍ താരം അസുഖം ഭേദമായി പരിശീലനം പുനരാംഭിച്ചിട്ടുണ്ട്. ഇതാണ് താരം ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാവാന്‍ കാരണമെന്നാണ് വിവരം.

ഗില്ലിനൊപ്പം, രോഹിത് ശര്‍മയടക്കമുള്ള താരങ്ങളും ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, യശസ്വി ജെയ്സ്വാള്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരും ടെസ്റ്റിനായി ബെംഗളൂരുവിലെത്തും.

അതേസമയം, ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ താരങ്ങള്‍ സെപ്റ്റംബര്‍ നാലിന് ദുബൈയിലേക്ക് തിരിക്കും. എന്നാല്‍, സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ ടീമിനൊപ്പം യാത്ര ചെയ്യില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഏതെങ്കിലും കാരണവശാല്‍ റീപ്ലേസ്മെന്റ് ആവശ്യമായി വന്നാല്‍ മാത്രമേ താരങ്ങള്‍ യാത്ര ചെയ്യൂവെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ ഒമ്പത് മുതലാണ് ഏഷ്യ കപ്പിന് തുടക്കമാവുക. ടി – 20 ഫോര്‍മാറ്റില്‍ എത്തുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ എ ഗ്രൂപ്പിലാണ് ഇടം പിടിച്ചിരിക്കുന്നത്. പാകിസ്ഥാനും പതിവ് പോലെ ഇന്ത്യയുടെ അതെ ഗ്രൂപ്പില്‍ തന്നെയാണ്. യു.എ.ഇ, ഒമാന്‍ എന്നിവരാണ് മറ്റ് ടീമുകള്‍.

Content Highlight: Shubhman Gill will undrego fitness assessment ahead of Asia Cup: Report

We use cookies to give you the best possible experience. Learn more