| Wednesday, 19th August 2026, 4:36 pm

ഗില്ലാട്ടത്തില്‍ തകര്‍ന്ന് രോഹിത്തും വിരാടും; ഗാംഗുലിക്കൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്റെ പടയോട്ടം

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ലങ്കയുടെ തട്ടകമായ ഗല്ലെയില്‍ നടന്ന മത്സരത്തില്‍ 165 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 206 റണ്‍സിന് പുറത്താകുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ – 462 & 193

ശ്രീലങ്ക – 284 & 206 (T: 372)

മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒരു ചരിത്ര നേട്ടത്തിലേക്കാണ് ചേക്കേറിയത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ആദ്യ 10 ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ രണ്ടാമത്തെ താരമാകാനാണ് ഗില്ലിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൗരവ് ഗാംഗുലിക്കൊപ്പമാണ് ഗില്‍ സ്ഥാനം നേടിയത്. മാത്രമല്ല സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും വെട്ടിയാണ് ഈ നേട്ടത്തില്‍ ഗില്‍ മുന്നേറിയത്.

ക്യാപ്റ്റനായ ശേഷം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ 10 ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയവര്‍

എം.എസ്. ധോണി – 7

ശുഭ്മന്‍ ഗില്‍ – 6

സൗരവ് ഗാംഗുലി – 6

രോഹിത് ശര്‍മ – 5

വിരാട് കോഹ്‌ലി – 5

ശുഭ്മന്‍ ഗിൽ. Photo: BCCI/x.com

ക്യാപ്റ്റനെന്ന നിലയില്‍ മത്സരത്തില്‍ വിജയിച്ചെങ്കിലും ബാറ്റര്‍ എന്ന നിലയില്‍ ക്യാപ്റ്റന്‍ ഗില്‍ പരാജയപ്പെടുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 28 പന്തില്‍ 16 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 20 പന്തില്‍ എട്ട് റണ്‍സുമായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാനവ് സുതറാണ്. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും നേടിയാണ് മാനവ് ലങ്കന്‍ നിരയിലെ തകര്‍ത്തത്.

അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് താരം കരുത്ത് കാട്ടിയത്. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 75 പന്തില്‍ 44 റണ്‍സ് നേടിയും താരം മികവ് പുലര്‍ത്തി. ദേവ്ദത്താണ് മത്സരത്തിലെ താരവും.

അതേസമയം ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാനവ് സുതറാണ്.

നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ മാനവ് ആറ് വിക്കറ്റുകള്‍ നേടിയാണ് ലങ്കയെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും നേടിയ താരം 10 വിക്കറ്റുകളാണ് മത്സരത്തില്‍ നിന്ന് സ്വന്തം പേരിലാക്കിയത്. ഇതോടെ ശ്രീലങ്കന്‍ ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരമാകാനും മാനവിന് സാധിച്ചു (10/ 131).

താരത്തിന് പുറമെ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയതോടെ ശ്രീലങ്കയുടെ പതനം പൂര്‍ത്തിയാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ലങ്കയ്ക്ക് വേണ്ടി പൊരുതിയത് സോനല്‍ ദിനുഷയും ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയുമാണ്. 128 പന്തുകളില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്‌സും അടക്കം 84 റണ്‍സാണ് സോനല്‍ ദിനുഷ സ്വന്തമാക്കിയത്. 151 പന്തില്‍ നിന്നും ധനഞ്ജയ ഡി സില്‍വ 59 റണ്‍സാണ് നേടിയത്. ഏഴ് ഫോറുകള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

അതേസമയം രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 193 റണ്‍സിനാണ് പുറത്തായത്. റിഷബ് പന്തിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 69 പന്ത് നേരിട്ട താരം 66 റണ്‍സ് നേടി മടങ്ങി. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

Content Highlight: Shubhman Gill Surpass Rohit Sharma And Virat Kohli In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more